'എല്‍ നിനോ' പ്രതിഭാസം കാരണം ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ മഴ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എല്‍ നിനോ' പ്രതിഭാസം കാരണം ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ മഴ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമേരിക്കന്‍ ദേശീയ കാലാവസ്ഥാ ഏജന്‍സിയായ എന്‍.ഒ.എ.എ. പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, വരും മാസങ്ങളില്‍ എല്‍ നിനോ ശക്തിപ്രാപിക്കാനാണ് സാധ്യത. ഇത് ഇന്ത്യയില്‍ കടുത്ത ചൂടിനും കാലവര്‍ഷം ദുര്‍ബലമാകുന്നതിനും കാരണമായേക്കാം.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയര്‍ന്നേക്കാമെന്നും എന്‍.ഒ.എ.എ.യുടെ പ്രവചന കേന്ദ്രം വ്യക്തമാക്കുന്നു.
ഭൂമധ്യരേഖയ്ക്ക് സമീപം പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്ന ഈ പ്രതിഭാസം ആഗോള കാലാവസ്ഥയെത്തന്നെ സ്വാധീനിക്കാറുണ്ട്. ചരിത്രപരമായി നോക്കിയാല്‍, ഇന്ത്യയില്‍ എല്‍ നിനോ അനുഭവപ്പെട്ട വര്‍ഷങ്ങളില്‍ ഭൂരിഭാഗവും മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
1980-ന് ശേഷം ഉണ്ടായ 14 എല്‍ നിനോ വര്‍ഷങ്ങളില്‍ ഒന്‍പത് തവണയും ഇന്ത്യയില്‍ മഴ കുറവായിരുന്നു. സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന ഈ മാറ്റം മണ്‍സൂണ്‍ കാറ്റുകളുടെ ശക്തി കുറയ്ക്കുന്നതാണ് ഇതിന് പ്രധാന കാരണം.
എങ്കിലും, എല്ലാ എല്‍ നിനോ വര്‍ഷങ്ങളിലും മഴ കുറയണമെന്നില്ല. ഉദാഹരണത്തിന് 1997-ല്‍ ഈ പ്രതിഭാസം ഉണ്ടായിട്ടും ഇന്ത്യയില്‍ സാധാരണ നിലയിലുള്ള മഴ ലഭിച്ചിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.