മദ്യലഹരിയിൽ നടുറോഡിൽ കാർ നിർത്തി യുവാവിന്റെ ഉറക്കം; ദേഹാസ്വാസ്ഥ്യമെന്ന് കരുതി നാട്ടുകാർ, പിന്നാലെ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു
കോട്ടയം: മദ്യ ലഹരിയിൽ അതിരമ്പുഴ നടുറോഡിൽ കാർ നിർത്തിയിട്ട് യുവാവിന്റെ ഉറക്കം. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കോട്ടയം അതിരമ്പുഴ ജങ്ഷനിൽ വെച്ചായിരുന്നു സംഭവം. കറുകച്ചാൽ സ്വദേശിയായ യുവാവാണ് കാർ നടുറോഡിൽ നിർത്തിയിട്ട് ഉറങ്ങിയത്. നടുറോഡിൽ നിർത്തിയ കാർ കുറേ സമയത്തിനു ശേഷവും അനങ്ങാതെ കിടക്കുന്നതു കണ്ട് നാട്ടുകാർ എത്തിയപ്പോഴാണ് ഡ്രൈവിങ് സീറ്റിലിരുന്ന് യുവാവ് ഉറങ്ങുന്നത് കാണുന്നത്.
ആദ്യം എന്തെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് എന്നാണ് നാട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വിളിച്ചുണർത്താൻ ശ്രമം നടത്തിയെങ്കിലും എഴുന്നേറ്റില്ല. നാട്ടുകാർ കാറിന് ഇരുവശത്തുനിന്നുമായി കുലുക്കിയപ്പോഴാണ് യുവാവ് എഴുന്നേറ്റത്.
തുടർന്ന് എത്തിയ ഏറ്റുമാനൂർ പോലീസിന്റെ പരിശോധനയിൽ യുവാവ് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. യുവാവിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനും കേസെടുത്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.