മരുന്നക്ഷാമം രൂക്ഷം; സുഡാനിൽ കോളറ ബാധിതരുടെ എണ്ണം 911 ആയി, 127 മരണം
ആഭ്യന്തര യുദ്ധം കടുത്ത നാശം വിതച്ച സുഡാനിൽ കോളറ പടർന്നുപിടിക്കുന്നു. രാജ്യത്തെ വെസ്റ്റ് കോർദോഫാൻ, നോർത്ത് കോർദോഫാൻ സംസ്ഥാനങ്ങളിൽ കോളറ ബാധിച്ച് മരിച്ചവരുടെ എണ്ണം 127 ആയി ഉയർന്നതായി സുഡാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 911 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മേഖലയിൽ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമമുണ്ടെന്ന് സന്നദ്ധപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
നോർത്ത് കോർദോഫാനിലെ ‘അൽ-മസ്റൂബ്’ (Al-Mazroub) മേഖലയാണ് നിലവിൽ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രം. അയൽസംസ്ഥാനമായ വെസ്റ്റ് കോർദോഫാനിൽ നിന്നും രോഗം പടർന്ന ഈ പ്രദേശത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ 300 ഓളം പേർക്ക് രോഗം ബാധിക്കുകയും 16 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
രോഗവ്യാപനം തടയുന്നതിനായി വെസ്റ്റ് കോർദോഫാനിൽ മൂന്ന് ഐസൊലേഷൻ-റീഹൈഡ്രേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതായും അടിയന്തര സമിതി രൂപീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കിടയിൽ മലേറിയ ചികിത്സയ്ക്കുള്ള മരുന്നുകളുടെയും അത്യാവശ്യ മെഡിക്കൽ സാമഗ്രികളുടെയും വിതരണത്തിൽ ഇപ്പോഴും അസ്ഥിരത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രാലയം സമ്മതിച്ചു. അതേസമയം, മറ്റ് ചില പകർച്ചവ്യാധികളുടെ കാര്യത്തിൽ നേരിയ ആശ്വാസമുണ്ട്.