മയക്കുമരുന്ന് ആസക്തികള്‍ മനുഷ്യത്വരഹിതമായ ലോകത്തിന്റെ പരാജയം എടുത്തു കാട്ടുന്നു: പാപ്പാ

 
papa



മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും, കുറ്റവാളി  സംഘടനകള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും വെല്ലുവിളികള്‍ക്കെതിരെ ഐക്യദാര്‍ഢ്യവും ആഗോള പ്രതികരണങ്ങളും കെട്ടിപ്പടുക്കുന്നതിനുള്ള സഭയുടെയും, പ്രാദേശിക  സഭാസമൂഹങ്ങളുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനായി,  ഓഗസ്റ്റ് 25 മുതല്‍ 27 വരെ, വത്തിക്കാനില്‍ വച്ച്,  ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ അടങ്ങുന്ന ആളുകളുടെ ഒരു സമ്മേളനം നടക്കുന്നു,. സമ്മേളനത്തിന്റെ അവസാന ദിനമായ ഇരുപത്തിയേഴാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, അംഗങ്ങളെ സ്വകാര്യ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് സന്ദേശം നല്‍കി.

ഈ സമ്മേളനം സംഘടിപ്പിക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും പ്രത്യേകം  നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ , ഇത്തരം മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ആസക്തികളില്‍ നിന്നും, ആളുകളെ രക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ച  പാപ്പാ, ഇത് ചെലുത്തുന്ന വേദനകള്‍ക്കും, എന്നാല്‍  പ്രത്യാശയ്ക്കും അതിരുകളില്ലെന്നു ഓര്‍മ്മിപ്പിച്ചു.

മനുഷ്യത്വരഹിതമായ ലോകത്തിന്റെ പരാജയം ഉയര്‍ത്തിക്കാട്ടുന്ന സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ് ആസക്തികള്‍ എന്ന് പറഞ്ഞ പാപ്പാ, മയക്കുമരുന്നു പ്രശ്‌നത്തെക്കുറിച്ചും നമ്മുടെ ചെറുപ്പക്കാരില്‍ അവ  ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട്  ചര്‍ച്ച ചെയ്യുക എന്നതാണ് ഏവരെയും ഒരുമിച്ചുകൂട്ടിയ പ്രമേയമെന്നും ചൂണ്ടിക്കാട്ടി.

ഇത്തരം ആസക്തികളില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനായി ആവശ്യമായ നാല് പാലങ്ങളെക്കുറിച്ചും പാപ്പാ ചൂണ്ടിക്കാട്ടി. ആദ്യത്തെ പാലം സഭയും അന്താരാഷ്ട്ര സംഘടനകളും തമ്മിലാണ്. ഇതിനായി സഭയുടെ വിവിധ സംഘടനകളും, അന്താരാഷ്ട്ര മേഖലയിലുള്ള വിവിധ സംഘടനകളും തമ്മിലുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്നു, വിവിധ സംഘടനകളെ പേരെടുത്തു പരാര്‍ശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. രണ്ടാമത്തെ പാലം ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള പാലമാണ്.

ന്യൂറോ സയന്‍സസ്, സൈക്യാട്രി, പൊതുജനാരോഗ്യം എന്നിവയുമായുള്ള മത്സരമല്ല, മറിച്ച്, സുവിശേഷത്തില്‍ അടിസ്ഥാനമാക്കി, മനുഷ്യ വ്യക്തിയെക്കുറിച്ചുള്ള അവിഭാജ്യമായ ധാരണ വളര്‍ത്തിയെടുക്കുക എന്നതാണ് സഭയുടെ കടമയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മൂന്നാമത്തെ പാലം വിവിധ ഭൂഖണ്ഡങ്ങളിലെ തീര്‍ത്ഥാടകയായ സഭയ്ക്കുള്ളിലാണ്. നാലാമത്തെ പാലം എക്യൂമെനിക്കല്‍ ബന്ധങ്ങളാണ്. കത്തോലിക്കാ സഭയും മറ്റ് സഭാ സമൂഹങ്ങളും, സ്‌നേഹത്തിന്റെ പ്രായോഗികതയില്‍ ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു.

ഒരു നല്ല കുടുംബത്തേക്കാള്‍ മികച്ച മയക്കുമരുന്നിനെതിരായ പ്രതിരോധമില്ല എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ജീവിതങ്ങളെ വളര്‍ത്തുകയും, പരിപാലിക്കുകയും, അവയ്ക്കായി പദ്ധതികള്‍ ഒരുക്കുകയും ചെയ്യേണ്ട ഇടവും അത് തന്നെയെന്നും ഓര്‍മ്മപ്പെടുത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരുടെയും കുടുംബമായി സഭ മാറട്ടെയെന്നും, വീണുപോയ മനുഷ്യന്റെ അയല്‍ക്കാരനായി മാറുവാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നല്‍കി.

Tags

Share this story

From Around the Web