സുഡാനിൽ ഡ്രോൺ ആക്രമണങ്ങൾ രൂക്ഷം; അഞ്ച് മാസത്തിനിടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ

 
Sudan

ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട സുഡാനിൽ ഡ്രോൺ ആക്രമണങ്ങൾ അതിശക്തമാകുന്നു. 2026-ലെ ആദ്യ അഞ്ച് മാസങ്ങൾക്കുള്ളിൽ മാത്രം ആയിരത്തിലധികം സിവിലിയന്മാർ ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തി. യു. എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണർ (UNHCHR) വോൾക്കർ ടർക്ക് ജൂൺ 15 ന് ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

സുഡാനിലെ ഭീകരമായ ആഭ്യന്തരയുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണെന്നും ഡ്രോൺ ഉപയോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടക്കൊലകൾക്ക് പുറമെ രാജ്യത്ത് വ്യാപകമായ തോതിൽ ലൈംഗിക അതിക്രമങ്ങളും ബലാത്സംഗങ്ങളും നടക്കുന്നതായും യു. എൻ. ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.

2023 ഏപ്രിലിലാണ് സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) എന്ന അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ മുഹമ്മദ് ഹംദാൻ ദാഗാലോയും തമ്മിലുള്ള അധികാരത്തർക്കം വലിയ ആഭ്യന്തരയുദ്ധമായി മാറിയത്. തലസ്ഥാനമായ ഖാർത്തൂമിൽ ആരംഭിച്ച പോരാട്ടം പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. തുടർച്ചയായ മൂന്ന് വർഷത്തെ അക്രമങ്ങൾക്കൊടുവിൽ, ലോകത്തിലെ ഏറ്റവും വലിയ മാനുഷിക-പാലായന പ്രതിസന്ധി നേരിടുന്ന രാജ്യമായി സുഡാൻ മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web