ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ്; M80 സ്‌കൂട്ടറുകളും ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നു

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതല്‍ എം80 ഉള്‍പ്പെടെ കൈയില്‍ ഗിയറുള്ള വാഹനങ്ങളും ഉപയോഗിക്കാം. കാല്‍ ഉപയോഗിച്ച് ഗിയര്‍ മാറ്റുന്ന വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണിത്.
ഡ്രൈവിങ് ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇ-വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീങ്ങി. കാര്‍ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) വിഭാഗത്തില്‍ ഇവയും ടെസ്റ്റിന് ഉപയോഗിക്കാം.
എല്‍എംവി ലൈസന്‍സില്‍ ഏഴ് ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ വരെ (മിനി ടിപ്പര്‍) ഓടിക്കാന്‍ കഴിയുമെന്നതിനാലാണ് ഗിയറുള്ള വാഹനങ്ങള്‍ തന്നെ ടെസ്റ്റിന് വേണമെന്ന് മോട്ടോര്‍വാഹന വകുപ്പ് നിര്‍ബന്ധം പിടിച്ചത്.
കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെയാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പ് പരിഷ്‌കരിച്ചത്. എന്നാല്‍, ഇങ്ങനെയൊരു വേര്‍തിരിവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് മോട്ടോര്‍വാഹനവകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് നിര്‍വചിക്കുന്ന കേന്ദ്രമോട്ടോര്‍ വാഹന ചട്ടം 15-ല്‍ വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയര്‍ മാറ്റണമെന്ന് മാത്രമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയര്‍ സംവിധാനം ക്രമീകരിക്കുന്നത്. ഇതില്‍ മാറ്റം വരുത്താനോ, വിലക്കേര്‍പ്പെടുത്താനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതവഗണിച്ച് സര്‍ക്കുലര്‍ ഇറക്കിയതാണ് തിരിച്ചടിയായത്.
ഇ-വാഹനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ടെസ്റ്റിനുപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാന്‍സ്മിഷന്‍, (ഗിയര്‍ സിസ്റ്റം) ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
അപേക്ഷകര്‍ക്ക് സ്വന്തം വാഹനം ഉപയോഗിക്കാന്‍ കേന്ദ്രചട്ടം അനുമതി നല്‍കുമ്പോള്‍ ജിപിഎസും നിരീക്ഷണക്യാമറയും ഉള്ള വാഹനത്തില്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചതും നിയമവിരുദ്ധമായി മാറി.