ഡല്‍ഹി സമരത്തില്‍ അരങ്ങേറിയത് നാടകീയ നീക്കങ്ങള്‍; രാഹുല്‍ ഗാന്ധിയെയും എംപിമാരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ മുന്നണി എംപിമാര്‍ ഇന്നലെ നടത്തിയ സമരത്തില്‍ അരങ്ങേറിയത് നാടകീയ നീക്കങ്ങള്‍.
ആകാശവാണി ഭവനകത്ത് എട്ട് മണിക്കൂറിലധികം കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും എംപിമാരെയും അറസ്റ്റ് ചെയ്തു വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയുമായി പൊലീസ് ക്യാമ്പിലേക്ക് പുറപ്പെട്ട വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കാണ് ഡല്‍ഹി നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. എംപിമാരുടെ അറസ്റ്റിനിടെ രാഹുല്‍ ഗാന്ധി നടത്തിയ നീക്കമായിരുന്നു ആദ്യത്തേത്.
പാര്‍ലമെന്റ് ഹൗസ് മുതല്‍ നിര്‍വാചന്‍ സദാന്‍ വരെ നടത്തിയ എംപിമാരുടെ മാര്‍ച്ച് സന്‍സദ് മാര്‍ഗില്‍ വെച്ച് പൊലീസ് തടഞ്ഞതോടെ രാഹുല്‍ ആകാശവാണി ഭവനിലേക്ക് തന്ത്രപൂര്‍വ്വം കയറുകയായിരുന്നു. ഇതോടെ പൊലീസ് പൂര്‍ണ്ണമായും പ്രതിരോധത്തിലായി.
പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ കൂടുതല്‍ നേതാക്കളും എംപിമാരും ആകാശവാണി കേന്ദ്രത്തില്‍ നിലയുറപ്പിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ എട്ട് മണിക്കൂറികള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.
എന്നാല്‍ അവിടെയും പ്രതിഷേധം തീര്‍ന്നില്ല. കിംഗ്‌സ് വേ പൊലീസ് ക്യാമ്പില്‍ എത്തിക്കാനുള്ള നീക്കത്തിനിടെ പ്രിയങ്ക ഗാന്ധിയുമായി പോയ പൊലീസ് വാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. അതോടെ നാടകീയമായ സംഭവങ്ങള്‍ക്ക് ഡല്‍ഹി വീണ്ടും സാക്ഷിയായി.
പ്രവര്‍ത്തകര്‍ വാഹനത്തിനു മുകളില്‍ കയറിയതോടെ പ്രിയങ്ക വാനിനു പുറത്തിറങ്ങി. പൊലീസ് സ്റ്റേഷന്റെ ഗേറ്റില്‍ ഉള്‍പ്പെടെ കേറി പ്രതിഷേധിച്ച് പ്രിയങ്കയെ പൊലീസ് പണിപ്പെട്ടാണ് ക്യാമ്പില്‍ അകത്തേക്ക് കയറ്റിയത്.
പിന്നീട് രണ്ടു മണിക്കൂറ് നീണ്ട കസ്റ്റഡിക്ക് ശേഷം നേതാക്കള്‍ പുറത്തേക്ക്. വീണ്ടും മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി തിരിച്ചുവരുമെന്നും ശക്തമായി തെരുവില്‍ കാണാമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി നേതാക്കള്‍ മടങ്ങി.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് ഇന്‍ഡ്യ മുന്നണിയുടെ നീക്കം. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ ഇന്ന് നടക്കുന്ന പ്രതിഷേധത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കാളികളാകും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സമരം നടക്കുക.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ബിഹാറിലെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രോശ് മാര്‍ച്ച് സംഘടിപ്പിക്കും. രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കും.
കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജമ്മു കാശ്മീരിലും കനത്ത പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും യോജിച്ച സമരപരിപാടികള്‍ക്കാണ് ഇന്ത്യ മുന്നണിയുടെ ആഹ്വാനം.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കെപിസിസിയും.
ഇന്ന് വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അണിനിരക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആഹ്വാനം ചെയ്തു.