ട്രയല്‍ റൂമിലേക്ക് വലിച്ചിഴച്ചു, സഹായത്തിനായി നിലവിളിച്ചു; ഡല്‍ഹി കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്, പ്രണയപ്പകയാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം
 

 
shabnam

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടെക്സ്‌റ്റൈല്‍സ് ജീവനക്കാരിയായ 18 വയസ്സുകാരിയെ ട്രയല്‍ റൂമില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്നതും ട്രയല്‍ റൂമിലേക്ക് വലിച്ചിഴക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെസ്റ്റ് ഡല്‍ഹി സ്വദേശിയായ ശബ്‌നം ആണ് കൊല്ലപ്പെട്ടത്. കേസില്‍ യുവതിയുടെ മുന്‍ സുഹൃത്തായ സൂരജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയപ്പകയാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.


ഓറഞ്ച് നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച പ്രതി ടെക്സ്റ്റയില്‍സിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി വലിച്ച് എഴുന്നേല്‍പ്പിക്കുകയും ട്രയല്‍ റൂമിലേക്ക് തള്ളിക്കൊണ്ടുപോകുകയുമായിരുന്നു. പെണ്‍കുട്ടി സഹായത്തിനായി നിലവിളിക്കുന്നുണ്ട്. പിന്നീട്, ട്രയല്‍ റൂമില്‍ കഴുത്തറുക്കപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയില്‍ ശബ്നത്തെ കണ്ടെത്തുകയായിരുന്നു.


മോതി നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്‌സ്റ്റൈല്‍സിലാണ് ശനിയാഴ്ച വൈകുന്നേരം കൊലപാതകം നടന്നത്. ഷിഫ്റ്റ് അവസാനിക്കാറായ സമയത്ത് ഷോറൂമിലെത്തിയ പ്രതി ശബ്‌നത്തെ ട്രയല്‍ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


രാത്രി ഷോറൂം അടയ്ക്കുന്നതിന് മുന്നോടിയായി ജീവനക്കാര്‍ ട്രയല്‍ റൂമുകള്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ ശബ്‌നത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് കടന്ന പ്രതിയെ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് പൊലീസ് പിടികൂടുകയായിരുന്നു. മുന്‍പ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അകല്‍ച്ചയിലായിരുന്നു.

Tags

Share this story

From Around the Web