ഡോ. ഹാരിസിന്റെ തുറന്ന് പറച്ചിൽ നിയമസഭയിൽ ശരിവച്ച് ആരോഗ്യമന്ത്രി. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിലെ രോഗികൾക്ക് പോലും ദുരവസ്ഥ. ഗൗരവകരമെന്ന് വീണാ ജോർജ്

 
VEENA

 തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗികള്‍ സ്വന്തം ചെലവിൽ ചികിത്സാ ഉപകരണങ്ങൾ വാങ്ങി നൽകേണ്ട ദുരവസ്ഥയാണെന്ന ഡോ. ഹാരിസിന്റെ തുറന്ന് പറച്ചിൽ നിയമസഭയിൽ ശരിവച്ച് ആരോഗ്യ മന്ത്രി. 

കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ പെട്ട രോഗികൾ പോലും ചികിത്സക്ക് പണം ചെലവാക്കേണ്ട സാഹചര്യം ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു. 

ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 8.66 കോടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ചെലവാക്കിയെന്ന് പറഞ്ഞ ആരോഗ്യമന്ത്രി യുഡിഎഫ് കാലത്ത് ചെലവഴിച്ച തുകയുടെ താരതമ്യവും നടത്തി. ഇതോടെ സിസ്റ്റത്തിന്റെ തകരാർ പത്ത് വർഷമായി തീർത്തില്ലേയെന്നായി പ്രതിപക്ഷം. 

പഞ്ഞി പോലും വാങ്ങി ചികിത്സക്ക് പോകേണ്ട ഗതികേടിലാണ് രോഗികളെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ആരോഗ്യ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളിൽ സംവാദത്തിന് ആരോഗ്യ മന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

ജില്ലാ ആളുപത്രികളുടെ ബോർഡ് മാറ്റി വച്ചതല്ലാതെ പ്രതിപക്ഷം എന്ത് ചെയ്തെന്നായി ആരോഗ്യ മന്ത്രി മറുചോദ്യം ഉയർത്തി. 

ഇതോടെ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തെ കുറിച്ച് അറിവില്ലാത്ത മന്ത്രിയോ എന്ന് പ്രതിപക്ഷം വീണ്ടും ചോദിച്ചു. അതിനിടക്ക് പൊതു ജനാരോഗ്യ മേഖലയിലെ നേട്ടങ്ങളിലേക്ക് ഭരണനിരയിൽ നിന്ന് നീട്ടിയിട്ടൊരു ചോദ്യത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണവും ആരോഗ്യ മന്ത്രി കൂട്ടിക്കാട്ടി. 

കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു പരാമർശം. സ്വകാര്യ മേഖലയിലേക്ക് രോഗികളെ തള്ളിവിടാൻ ആസൂത്രിത ശ്രമം സംസ്ഥാനത്തുണ്ടെന്ന് പരസ്പര ആക്ഷേപവും സഭയിൽ ഉയർന്നു. 

Tags

Share this story

From Around the Web