ഡോ. ഷഹന ആത്മഹത്യക്കേസ്; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു; നീതി തേടി സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എന്‍. സലാവുദീനെയാണ് കേസ് നടത്തുന്നതിനായി സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
സ്ത്രീധനം കൂട്ടി നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തായ ഡോക്ടര്‍ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്. 2023 ഡിസംബര്‍ നാലിനായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.
ഒപി ടിക്കറ്റിന് പിന്നില്‍ ഷഹന എഴുതിയ ഹൃദയഭേദകമായ ആത്മഹത്യാക്കുറിപ്പും ബന്ധുക്കളുടെ മൊഴികളുമാണ് കേസില്‍ വഴിത്തിരിവായത്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു.
ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാന്‍ വഞ്ചിക്കപ്പെട്ടു. ഒപി ടിക്കറ്റിന്റെ പിറകില്‍ എഴുതിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തില്‍ റുവൈസിന്റെ പേരുമുണ്ട്.
ആത്മഹത്യ കുറിപ്പില്‍ റുവൈസിന്റെ പേരില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസ് പറഞ്ഞിരുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസ് മറച്ചുവച്ചു. പിന്നീട് ഷഹാനയുടെ ആത്മഹത്യ വലിയ ചര്‍ച്ചയായതിന് ശേഷം മാത്രമാണ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാന്‍ തയ്യാറായത്.
ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.
എന്നാല്‍, ഇത് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.