ഡോക്ടർ റാം താടി നീട്ടി രൂപം മാറ്റി, ഫോൺ ഉപയോഗിക്കാതെ ഒളിത്താവളങ്ങൾ തേടി, ഒടുവിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍

 
dr ram

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാം പൊലീസിന്റെ പിടിയിലാകുന്നത് സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്രങ്ങൾക്കൊടുവിലാണ്. മൂന്ന് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ കുടകിൽ ഒളിത്താവളം മാറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടിയത്.

പൊലീസിനെ കബളിപ്പിക്കാനായി താടി നീട്ടി വളർത്തി രൂപം പൂർണ്ണമായും മാറ്റിയായിരുന്നു ഇയാളുടെ ഒളിവുജീവിതം. ഒളിവിൽ കഴിഞ്ഞ മുഴുവൻ കാലയളവിലും സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. ഇത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നുവെങ്കിലും, ബന്ധുക്കളുടെ ഫോണുകൾ നിരീക്ഷിച്ച് പൊലീസ് ഒളിയിടം കണ്ടെത്തുകയായിരുന്നു. 

ആന്ധ്രയിലെ ചിറ്റൂർ, ഗുണ്ടൂർ എന്നിവിടങ്ങളിലായിരുന്നു ഇയാൾ പ്രധാനമായും ഒളിവിൽ കഴിഞ്ഞിരുന്നത്. തെലുങ്ക് ദേശം പാർട്ടിയുടെ ഒരു നേതാവായ അടുത്ത ബന്ധുവാണ് റാമിന് ഒളിത്താവളങ്ങളിൽ സഹായവും സംരക്ഷണവും നൽകിയിരുന്നത്. അപരിചിതരെ കാണുമ്പോൾ വിവരം കൈമാറാൻ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

ആന്ധ്രയിലും ബംഗളൂരുവിലുമായി മാറിമാറി ഒളിവിൽ കഴിഞ്ഞ ഇയാൾ, ഒടുവിൽ കുടകിലെ ഒളിത്താവളത്തിൽ നിന്നും മറ്റൊരിടത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയാണ് കർശന നിരീക്ഷണത്തിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ വലയിലായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. പ്രതി പിടിയിലായതിൽ ആശ്വാസമുണ്ടെന്നും, മരണത്തിന് കാരണക്കാരായ എല്ലാവർക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും നിതിന്റെ പിതാവ് രാജൻ പ്രതികരിച്ചു.
 

Tags

Share this story

From Around the Web