ഡോ. ഹാരിസ് ചട്ടം ലംഘിച്ചു; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി. ഔദ്യോഗിക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ചട്ട ലംഘനമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഉപകരണ ക്ഷാമ വിവാദത്തില്‍ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസിന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാതെ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഔദ്യോഗിക വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ചട്ട ലംഘനമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി.
മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫയല്‍ വൈകിയത് ജില്ലാ കളക്ടര്‍ കാലതാമസം വരുത്തിയത് മൂലമാണെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. സൂപ്രണ്ട് ഇടപെട്ട് ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടി വേഗത്തിലാക്കി. രണ്ടാം യൂണിറ്റില്‍ ഉപകരണങ്ങള്‍ ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
ഈ ഉപകരണങ്ങള്‍ ഡോക്ടര്‍ ഹാരിസിന് ഉപയോഗിക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റി ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്യാത്തതിനാല്‍ ഹാരിസിന് എതിരായ നടപടി താക്കീതില്‍ ഒതുങ്ങാനാണ് സാധ്യത.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലെന്നുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കല്‍ നിലപാടില്‍ ഉറച്ചുനിന്നിരുന്നു.
ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാല്‍ നടപടി ഉണ്ടാകുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടും ഡോക്ടര്‍ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കാന്‍ തന്നെയാണ് തീരുമാനമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.