ഡി.ആര്‍. കോംഗോയില്‍ എബോള വ്യാപനം രൂക്ഷം. മരണസംഖ്യ 1,700 കടന്നു
കോംഗോ: ഡി.ആര്‍. കോംഗോയില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു. ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണിത്.
എബോളയുടെ ബൂന്‍ഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയില്‍ ഇതുവരെ 1,707 പേര്‍ മരണപ്പെടുകയും 3,802 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 17,000-ത്തിലധികം പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
മുന്‍കാല രോഗവ്യാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിവേഗം പടരുന്ന ബൂന്‍ഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ നിലവിലില്ലെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.
പ്രധാനമായും കിഴക്കന്‍ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗബാധ ഏറ്റവും കഠിനം. റിപ്പോര്‍ട്ട് ചെയ്ത 90 ശതമാനം കേസുകളും ഇവിടെ നിന്നാണ്. കിസംഗാനി ഉള്‍പ്പെടെ മറ്റ് അഞ്ച് പ്രവിശ്യകളിലും രോഗം പടര്‍ന്നിട്ടുണ്ട്.
നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. മേഖലയിലെ സായുധ ആക്രമണങ്ങളും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. നിലവില്‍ 40 ശതമാനം ആണ് മരണനിരക്ക്.
ലക്ഷണങ്ങള്‍ പുറത്തറിയിക്കാന്‍ വൈകുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. 2014-2016 കാലഘട്ടത്തിലെ വ്യാപനത്തേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് ഇപ്പോള്‍ രോഗം പടരുന്നത്. വെറും രണ്ടുമാസത്തിനുള്ളില്‍ തന്നെ മരണസംഖ്യ ആയിരം കടന്നിരുന്നു.
പരീക്ഷണാത്മക ചികിത്സകളും വാക്സിനുകളും വേഗത്തില്‍ ലഭ്യമാക്കാനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ അറിയിച്ചു.