കൊല്ലത്തെ സ്ത്രീധന പീഡന പരാതി; ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്
ന്യൂഡല്‍ഹി: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചവറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം നടക്കുകയാണ്.
നീണ്ടകര സ്വദേശിയായ അഞ്ചു(24)വിന് ഭര്‍ത്താവില്‍ നിന്ന് സ്ത്രീധന പീഡനവും ക്രൂരമായ ശാരീരിക മര്‍ദനവും നേരിട്ടെന്നാണ് പരാതി. സൗദിയില്‍ വെച്ച് ഭര്‍ത്താവ് നന്ദു (28) പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
2026 ജൂലൈ 27-നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം തന്നെ കൂടുതല്‍ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് മാനസിക പീഡനം ആരംഭിച്ചു. തുടര്‍ന്ന് വിദേശത്ത് വെച്ച് യുവതിയെ ശാരീരിക പീഡനങ്ങള്‍ക്കും ഇരയാക്കുകയായിരുന്നു.
പ്രഷര്‍ കുക്കര്‍, ലാപ്ടോപ്പ് ചാര്‍ജര്‍, ബെല്‍റ്റ്, മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മര്‍ദനം. പീഡനത്തെത്തുടര്‍ന്ന് വീട്ടുകാര്‍ ടിക്കറ്റെടുത്തു നല്‍കിയാണ് യുവതിയെ നാട്ടിലെത്തിച്ചത്. ആരോഗ്യം വഷളായ യുവതി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പ്രതി കൈവശപ്പെടുത്തിയിരുന്നു. സ്ത്രീധന പീഡനത്തിന് നന്ദുവിന്റെ മാതാപിതാക്കള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിരുന്നു. ദിനേശ്, ജഗദമ്മ എന്നിവര്‍ക്ക് എതിരെയാണ് കേസ്.