ബന്ധുക്കളെ യാത്രയാക്കാന്‍ വന്ദേഭാരതില്‍ കയറിയപ്പോള്‍ വാതിലടഞ്ഞു; കുടുംബത്തിന് 36,140 രൂപ പിഴ
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബന്ധുക്കളെ യാത്രയാക്കാന്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കയറിയ കുടുംബത്തിന് 36,140 രൂപ പിഴ. നവംബര്‍ 15 ന് വാരണാസി-ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിട്ടത്. 12 പേരടങ്ങുന്ന കുടുംബം ട്രെയിനില്‍ കയറിയപ്പോള്‍ ഓട്ടോമാറ്റിക് വാതിലുകള്‍ അടഞ്ഞതിനെ തുടര്‍ന്ന് അകത്ത് കുടുങ്ങുകയായിരുന്നു.
ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് കുടുംബത്തിന് ഇറങ്ങാനും സാധിച്ചില്ല. ഇതോടെ അകത്ത് കുടുങ്ങിപ്പോയ ഇവര്‍ ഇറ്റാവ വരെ 150 കിലോമീറ്റര്‍ വന്ദേഭാരതില്‍ സഞ്ചരിച്ചു. തുടര്‍ന്ന് കുടുങ്ങിയ എല്ലാ യാത്രക്കാരെയും റെയില്‍വേ ഉദ്യോഗസ്ഥരും ആര്‍പിഎഫും ചേര്‍ന്ന് പുറത്തിറക്കുകയായിരുന്നു. സാധുവായ ടിക്കറ്റുകളോ പ്ലാറ്റ്ഫോം ടിക്കറ്റുകളോ ഇല്ലാതെ യാത്ര ചെയ്തതിന് കുടുംബത്തിന് പിഴ ചുമത്തുകയും ചെയ്തു.
സംഭവം തുണ്ട്‌ല കണ്‍ട്രോള്‍ റൂം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചീഫ് ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, ജിആര്‍പി ഉദ്യോഗസ്ഥര്‍, സ്റ്റേഷന്‍ സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. 12 മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
സംഭവത്തെത്തുടര്‍ന്ന്, യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ സാധുവായ ടിക്കറ്റുകള്‍ കൈവശം വയ്ക്കണമെന്ന് റെയില്‍വേ അധികൃതര്‍ ആവര്‍ത്തിച്ചു. ബന്ധുക്കളെ യാത്രയാക്കാന്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കുന്നവര്‍ പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവര്‍ത്തന സുരക്ഷ മുന്‍നിര്‍ത്തി വന്ദേ ഭാരത് ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോര്‍-ക്ലോസിംഗ് സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ട്രെയിന്‍ പുറപ്പെട്ട ശേഷവും ടിക്കറ്റില്ലാതെ അകത്ത് തുടരുന്നവരെ അനധികൃത യാത്രക്കാരായി കണക്കാക്കുമെന്നും ഇവര്‍ക്കെതിരെ റെയില്‍വേ നിയമങ്ങള്‍ പ്രകാരം പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.