നിങ്ങളുടെ മക്കള്‍ നിങ്ങളുടെ ഉപദേശങ്ങള്‍ കേള്‍ക്കാറില്ലേ?

 
parenting 11


നിങ്ങളുടെ മക്കള്‍ ഉപദേശങ്ങള്‍ ദേഷ്യത്തോടെ തള്ളിക്കളയുകയാണോ? കാരണമിതാണ്
കൗരക്കാരായ മക്കള്‍ അവരുടെ ഒരു പ്രശ്‌നം നിങ്ങളോട് വന്നു പറയുന്നു. ഒരു രക്ഷിതാവ് എന്ന നിലയില്‍ സ്വാഭാവികമായും നിങ്ങള്‍ അതിനൊരു പരിഹാരം നിര്‍ദേശിക്കുന്നു. 


എന്നാല്‍ ഉടനടി 'എനിക്കറിയാം!' അല്ലെങ്കില്‍ 'നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ല' എന്നായിരിക്കും അവരുടെ മറുപടി. നിങ്ങളുടെ ഉപദേശം തെറ്റായതുകൊണ്ടല്ല അവര്‍ അങ്ങനെ പറയുന്നത്, മറിച്ച് ആ നിമിഷം അവര്‍ നിങ്ങളില്‍ നിന്ന് ഉപദേശമല്ല പ്രതീക്ഷിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

കേള്‍വിക്കാരെയാണ് അവര്‍ക്ക് ആവശ്യം
മക്കള്‍ എന്തെങ്കിലും സങ്കടങ്ങളോ ബുദ്ധിമുട്ടുകളോ പങ്കുവെക്കുമ്പോള്‍ തന്നെ പരിഹാരം നിര്‍ദേശിക്കാന്‍ തുടങ്ങുന്നതാണ് മിക്ക രക്ഷിതാക്കളുടെയും രീതി. എന്നാല്‍ ഗവേഷണങ്ങള്‍ പറയുന്നത്, കൗമാരക്കാര്‍ പലപ്പോഴും തങ്ങളുടെ ചിന്തകള്‍ ഉറക്കെ പറയുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ പരിഹാരം ചോദിക്കുകയല്ല എന്നാണ്.

 13നും 16നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം കൗമാരക്കാരില്‍ നടത്തിയ പഠനത്തില്‍, തങ്ങളുടെ രക്ഷിതാക്കള്‍ നല്ല കേള്‍വിക്കാരാണെന്ന് കരുതുന്ന കുട്ടികള്‍ കൂടുതല്‍ മാനസികോല്ലാസം പ്രകടിപ്പിക്കുകയും ഭാവിയിലും കാര്യങ്ങള്‍ തുറന്നുപറയാന്‍ താല്പര്യപ്പെടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളില്‍ ചാടിവീണ് മറുപടി പറയുന്നതിന് മുമ്പ് അവരെ മുഴുവനായി കേള്‍ക്കാന്‍ ശ്രമിക്കുക.

ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് സംഭവിക്കുന്ന അബദ്ധം
ഇന്ത്യന്‍ കുടുംബങ്ങളില്‍ കുട്ടികളുടെ പഠനം, കൂട്ടുകാര്‍, ഫോണ്‍ ഉപയോഗം, കരിയര്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രക്ഷിതാക്കള്‍ക്ക് വലിയ ഇടപെടലുകളുണ്ടാകും. മക്കള്‍ക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ അത് ഏറ്റെടുത്ത് പരിഹരിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കുന്നത് കരുതല്‍ കൊണ്ടാണെങ്കിലും, കുട്ടികള്‍ക്കത് തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് പലപ്പോഴും തോന്നാറുള്ളത്. 'നിനക്ക് ഇത് സ്വന്തമായി കൈകാര്യം ചെയ്യാന്‍ കഴിയില്ല' എന്ന തെറ്റായ സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്.


രക്ഷിതാക്കള്‍ എന്ത് ചെയ്യണം?

മക്കള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുമായി വരുമ്പോള്‍, പെട്ടെന്ന് ഉപദേശിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് അവരോട് ഒരുകാര്യം ചോദിക്കുക: 'ഞാന്‍ നിന്റെ കാര്യങ്ങള്‍ വെറുതെ കേള്‍ക്കണമെന്നാണോ, അതോ ഒരു പരിഹാരം കണ്ടെത്താന്‍ സഹായിക്കണമെന്നാണോ നീ ആഗ്രഹിക്കുന്നത്?' അവര്‍ക്ക് കേള്‍വിക്കാരെ മാത്രമാണ് ആവശ്യമെങ്കില്‍ യാതൊരു മുന്‍വിധിയുമില്ലാതെ അത് പൂര്‍ണമായി കേട്ടിരിക്കുക. 

ഇനി ഉപദേശമാണ് അവര്‍ക്ക് വേണ്ടതെങ്കില്‍, നേരിട്ട് ഉത്തരവുകള്‍ നല്‍കുന്നതിന് പകരം അവരെക്കൊണ്ട് തന്നെ ഒരു പരിഹാരം ചിന്തിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, 'ആ കൂട്ടുകെട്ട് ഒഴിവാക്കൂ' എന്ന് നിര്‍ദ്ദേശിക്കുന്നതിന് പകരം, 'ആ സൗഹൃദത്തില്‍ നിന്ന് നീ എന്താണ് പ്രതീക്ഷിക്കുന്നത്?' എന്ന് സ്‌നേഹത്തോടെ ചോദിക്കുക.


'ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ' എന്ന് പറയുന്നത് ഒഴിവാക്കാം
കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ 'ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ' എന്ന് കുറ്റപ്പെടുത്താനുള്ള പ്രവണത രക്ഷിതാക്കള്‍ക്ക് സ്വാഭാവികമാണ്. എന്നാല്‍ ഈ കുറ്റപ്പെടുത്തലുകള്‍ കുട്ടികളെ നിങ്ങളില്‍ നിന്ന് അകറ്റാന്‍ മാത്രമേ ഉപകരിക്കൂ. 

അവര്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം നല്‍കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള പിന്തുണ നല്‍കിയാല്‍, രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും.

Tags

Share this story

From Around the Web