യുവാക്കള്‍ക്ക് മദ്യത്തോട് താല്‍പര്യമില്ലേ? ഓണക്കാല വില്‍പ്പനയില്‍ ബീവറേജസ് കോര്‍പ്പറേഷന്  കളക്ഷന്‍ കുറയുമോ?

 
beverages

കോട്ടയം: പുതിയ തലമുറയിലെ യുവാക്കൾക്കിടയിൽ മദ്യപാനശീലത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തുന്നത് ബീവറേജസ് കോർപ്പറേഷനെ ആശങ്കയിലാഴ്ത്തുന്നു.

ഇക്കുറി ഓണക്കാല വിറ്റുവരവിൽ കുറവുണ്ടാകുമോ എന്നതാണ് കോർപ്പറേഷന്റെ പ്രധാന ഭയം. മദ്യപിക്കുന്നതിന് പകരം എം.ഡി.എം.എ., കഞ്ചാവ്, എൽ.എസ്.ഡി. സ്റ്റാമ്പ് തുടങ്ങിയവ ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ഏറിവരികയാണ്. മദ്യത്തിന് ലഹരി കുറവാണ് എന്ന ചിന്തയാണ് യുവാക്കളെ മറ്റ് ലഹരികളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.


​അതേസമയം, 'ഓപ്പറേഷൻ തൂഫാൻ' വഴി പോലീസും എക്സൈസും ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. ഇതിനോടകം പതിനായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പിടിയിലായവരിൽ ഭൂരിഭാഗവും യുവാക്കളാണ്. എന്നിരുന്നാലും, സിന്തറ്റിക് ലഹരിയുടെ അമിത ലാഭം കാരണം ഇതിന്റെ ഒഴുക്ക് ഇപ്പോഴും യുവാക്കൾക്കിടയിൽ തുടരുന്നു. ഇത് മദ്യ വിപണിയിലും പ്രതിഫലിച്ചേക്കും .


​പൊതുവെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബെവ്കോ ഇത്തവണ നഷ്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാർച്ച് 31-ന് ബെവ്കോ 124.10 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ വിറ്റുവരവിൽ ഇടിവ് സംഭവിച്ചു. ഈ വർഷം മാർച്ച് 31-ന് 281.95 കോടി രൂപയുടെ നഷ്ടത്തിലാണ് ബെവ്കോ കണക്കുകൾ അവസാനിപ്പിച്ചത്. എന്നാൽ ഈ വിഷയത്തെ സാങ്കേതികമായ ഒരു പ്രശ്നമായാണ് സർക്കാർ കാണുന്നത്.


​2025-ലെ ഓണക്കാലത്ത് 10 ദിവസങ്ങളിലായി ബെവ്കോ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 2024-ലേതിനേക്കാൾ (776 കോടി) 50 കോടിയോളം രൂപയുടെ അധിക വിൽപ്പനയാണ്.
​ഉത്രാടദിനമാണ് ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടക്കുന്ന ദിവസം. 2025-ലെ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. 2024-ലെ ഉത്രാടദിനത്തെ (126 കോടി) അപേക്ഷിച്ച് 11 കോടി രൂപയുടെ (9.21%) വർദ്ധനവാണ് ഇതിലൂടെ ഉണ്ടായത്.

​ 'ഓപ്പറേഷൻ തൂഫാൻ' ശക്തമായതോടെ വ്യാജ/സിന്തറ്റിക് ലഹരികളുടെ ലഭ്യത കുറയുകയും മദ്യവിൽപ്പന വർദ്ധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപനമായതിനാൽ ലക്ഷത്തിലധികം രൂപയാണ് ഓരോ ജീവനക്കാരനും ഓണം ബോണസായി ലഭിക്കാറുള്ളത്. ഇത്തവണത്തെ പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻവർഷത്തേക്കാൾ 2,500 രൂപ കൂടുതലാണിത്.

Tags

Share this story

From Around the Web