നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ടെന്ന് സര്‍ക്കാര്‍

 
KERALAM


തിരുവനന്തപുരം: 'കേരളം' എന്ന് പേര് മാറ്റുന്നതിന് പണം അനാവശ്യമായി ചെലവഴിക്കേണ്ടെന്ന് സര്‍ക്കാര്‍. ഓഫീസ് നെയിം ബോര്‍ഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ല. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലര്‍ ഇറക്കി.

കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികള്‍ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂര്‍ണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തല്‍ വരുത്തി ഉപയോഗിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരില്‍ 2000 നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ല.

സാങ്കേതികമായി സാധ്യമായിടത്ത് ഇംഗ്ലീഷില്‍ 'Kerala' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്, അധികമായി 'm' എന്ന അക്ഷരം ചേര്‍ത്ത് 'Keralam' എന്നാക്കി മാറ്റാവുന്നതും അതുപോലെ, മലയാളത്തില്‍ ''കേരള'' എന്നത് '0'' അടയാളം ചേര്‍ത്ത് ''കേരളം'' എന്നാക്കി മാറ്റാവുന്നതുമാണ്. ഇത്തരം മാറ്റങ്ങള്‍ സൈന്‍ബോര്‍ഡുകള്‍ക്ക് പതിവ് പെയിന്റിംഗ്, അറ്റകുറ്റപ്പണി അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കല്‍ ആവശ്യമായി വരുന്ന അവസരത്തില്‍, ക്രമാനുസൃതമായി നടത്താവുന്നതാണെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരില്‍ മാത്രം ഫര്‍ണിച്ചര്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റേഷനറി, സൈന്‍ബോര്‍ഡുകള്‍, മുദ്രകള്‍, ബോര്‍ഡുകള്‍, പ്രസിദ്ധീകരണങ്ങള്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ സ്വത്തുക്കള്‍ എന്നിവ അവയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മാറ്റിസ്ഥാപിക്കുന്നതിനായി യാതൊരു ചെലവും വഹിക്കേണ്ടതില്ല. ഭരണപരമോ പ്രവര്‍ത്തനപരമോ ആയ നിര്‍ബന്ധിത സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രം അത്തരം മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

ഉപയോഗം കൊണ്ട് ഉണ്ടാകുന്ന തേയ്മാനം, കാലഹരണപ്പെടല്‍, കേടുപാട്, ഉപയോഗയോഗ്യമായ കാലാവധി പൂര്‍ത്തിയാകല്‍ തുടങ്ങിയ കാരണങ്ങളാല്‍ സാമഗ്രികള്‍ മാറ്റിസ്ഥാപിക്കേണ്ടിവരുന്ന പക്ഷം, അത് സാധാരണ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യാനുസരണം 'Keralam'/''കേരളം'' എന്ന പുതുക്കിയ പേര് ചേര്‍ക്കേണ്ടതാണ്. ഇനി മുതല്‍ നടത്തുന്ന എല്ലാ അച്ചടിജോലികളിലും, സ്റ്റേഷനറി, ഫോമുകള്‍, സൈന്‍ബോര്‍ഡുകള്‍, നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക മുദ്രകള്‍ എന്നിവയുടെ പുതിയ വാങ്ങലിലും നിര്‍മ്മാണത്തിലും, ആവശ്യാനുസരണം 'Keralam'/''കേരളം'' എന്ന പുതുക്കിയ സംസ്ഥാനനാമം ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web