യുവാക്കളുടെ കാഴ്ചപ്പാടുകളെ അടിച്ചമർത്തരുത്; വയോധികരുടെ സ്വപ്നങ്ങൾക്ക് വില നൽകണം: ഭരണാധികാരികളോട് ലെയോ മാർപാപ്പ
അംഗോള സന്ദർശനത്തിന്റെ ഭാഗമായി തലസ്ഥാനമായ ലുവാണ്ടയിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, രാജ്യത്തെ ഭരണാധികാരികളുമായും നയതന്ത്ര പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, യുവാക്കളുടെ നൂതനമായ കാഴ്ചപ്പാടുകളെ അടിച്ചമർത്തരുതെന്നും വയോധികരുടെ സ്വപ്നങ്ങളെ മാനിക്കണമെന്നും മാർപാപ്പ അധികാരികളോട് ആഹ്വാനം ചെയ്തു.
വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ ഉപരിയായി പൊതുനന്മയ്ക്ക് മുൻഗണന നൽകുന്ന ഭരണരീതിയാണ് രാജ്യത്തിന് ആവശ്യമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
അംഗോളയിലെ ജനതയുടെ കരുത്ത് അവരുടെ പ്രകൃതിവിഭവങ്ങളിലല്ല, മറിച്ച് മനുഷ്യത്വത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ മാർപാപ്പ, ഏത് പ്രതികൂല സാഹചര്യത്തിലും തളരാത്ത സന്തോഷവും സഹിഷ്ണുതയും അംഗോളൻ ജനതയുടെ പ്രത്യേകതയാണെന്ന് പറഞ്ഞ് അവരെ പ്രശംസിച്ചു.
രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാൻ സംഭാഷണത്തിന്റെ പാത സ്വീകരിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും അവയെ പുതിയൊരു സമാധാന പ്രക്രിയയുടെ ഭാഗമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടതെന്നും ലെയോ പാപ്പ പറഞ്ഞു.
ഭിന്നിപ്പും അവിശ്വാസവും വിതച്ച് ഭരണം നടത്തുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. ‘സമാധാനമുണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ’ എന്ന തിരുവചനം ഓർമ്മിപ്പിച്ചുകൊണ്ട്, നീതിയും ഐക്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ കത്തോലിക്കാ സഭ എപ്പോഴും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകിയാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.