ഇന്ന് രാത്രി നാട്ടുകാർ ഉറങ്ങേണ്ട’; മലപ്പുറത്ത് നിർമാണ പ്രവർത്തനത്തിനെതിരെ പരാതിയുമായിച്ചെന്ന നാട്ടുകാരെ പരിഹസിച്ച് എസ്‌ഐ

അർധരാത്രി മണ്ണടിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് പൊലീസിന്റെ പരിഹാസം.
മലപ്പുറം തുവ്വൂരിലാണ് അർധരാത്രിയിലെ മണ്ണെടുത്തുള്ള നിർമ്മാണ പ്രവർത്തനം മൂലം ഉറക്കം നഷ്ടപ്പെടുന്നുവെന്ന പരാതിയുമായെത്തിയ നാട്ടുകാരോട് ഇന്ന് രാത്രി നാട്ടുകാർ ഉറങ്ങേണ്ട എന്ന പൊലീസിന്റെ മറുപടി.
തുവ്വൂരിലെ സ്കൂൾ മൈതാനത്തിന് സമീപത്തായി ചുറ്റുമതിൽ കെട്ടുന്ന പ്രവർത്തിക്കെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.
ഈ മൈതാനം പൊതുകളിസ്ഥലമായി നിലനിർത്തണമെന്നും ചുറ്റുമതിൽ കെട്ടരുതെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
ഇന്നലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് കയറ്റിക്കൊണ്ടുപോകുന്ന പ്രവർത്തി അർധരാത്രി നടന്നപ്പോഴായിരുന്നു നാട്ടുകാർ ചോദ്യം ചെയ്തത്.
തർക്കം നിലനിൽക്കുന്നതിനാൽ പൊലീസിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു അപ്പോഴാണ് സ്റ്റേഷൻ എസ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായ പരിഹാസ മറുപടി.
വലിയ പ്രതിഷേധം ഇതേത്തുടർന്ന് ഉണ്ടാകുകയും നിർമാണപ്രവർത്തി താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ എസ്ഐക്കെതിരെ നാട്ടുകാർ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.