‘പാപ്പയെ തനിച്ചാക്കരുത് ‘; സമാധാനശ്രമങ്ങള്‍ക്ക് വിശ്വാസികളുടെ പിന്തുണ തേടി വത്തിക്കാന്‍

 
Papa

വത്തിക്കാന്‍ സിറ്റി: യുദ്ധത്തെ എതിര്‍ത്തുകൊണ്ട് സമാധാനത്തിനായി നിലകൊള്ളുന്ന ലിയോ 14-ാമന്‍ പാപ്പയെ ആ പോരാട്ടത്തില്‍ തനിച്ചാക്കരുതെന്നും ക്രൈസ്തവര്‍ സമാധാനത്തിന്റെ ശബ്ദമായി മാറണമെന്നും ആഹ്വാനം ചെയ്ത് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍. പാപ്പയുടേത് പ്രവാചകപരമായ സ്വരമാണെന്നും എന്നാല്‍ വേണ്ട പിന്തുണയും സഹായവും ലഭിച്ചില്ലെങ്കില്‍ പാപ്പയുടെ ശബ്ദം ‘മരുഭൂമിയിലെ വിലാപമായി’ മാറുമെന്നും, ഇറ്റാലിയന്‍ മാസികയായ ‘ഡയലോഗിക്ക്’ നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി.

2003-ലെ ഇറാഖ് യുദ്ധകാലത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുദ്ധം ഒഴിവാക്കുന്നതിനായി കേണപക്ഷിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് പാപ്പ ഒറ്റപ്പെടുകയായിരുന്നുവെന്ന് കര്‍ദിനാള്‍ പരോളിന്‍ ഓര്‍മിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ‘നിരായുധീകരിക്കുന്നതും ആയുധരഹിതവുമായ സമാധാനത്തിനുള്ള’ പാപ്പയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുവാന്‍ കര്‍ദിനാള്‍ വിശ്വാസികളെ ക്ഷണിച്ചു. സമാധാനത്തിനായുള്ള കൂടുതല്‍ ശബ്ദങ്ങള്‍ ഉയരേണ്ടത് ആവശ്യമാണ്. ദരിദ്രരായ സഹോദരങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ശബ്ദമുയരേണ്ടിയിരിക്കുന്നു; കര്‍ദിനാള്‍ പറഞ്ഞു.

യുദ്ധമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല എന്ന നിലപാടിലേക്ക് വേഗം എത്തുന്നത് നയതന്ത്രശ്രമങ്ങള്‍ക്ക് ഇടമില്ലാതാക്കുന്നതായി കര്‍ദിനാള്‍ നിരീക്ഷിച്ചു. അന്താരാഷ്ട്ര നിയമങ്ങളെക്കാള്‍ സൈനിക ശക്തിയെ ആധാരമാക്കിയുള്ള ധ്രുവീകരണമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ശക്തിക്ക് ഒന്നാം സ്ഥാനം നല്‍കുന്നത് അന്താരാഷ്ട്രതലത്തില്‍ ഇരട്ടത്താപ്പുകള്‍ക്ക് കാരണമായിട്ടുണ്ടെന്നും കര്‍ദിനാള്‍ വിമര്‍ശിച്ചു.

ആയുധങ്ങള്‍ കൊണ്ടും സൈനിക ശക്തികൊണ്ടും സമാധാനം സ്ഥാപിക്കാമെന്നത് വെറും ഉട്ടോപ്യന്‍ ചിന്താഗതിയാണെന്ന് കര്‍ദിനാള്‍ തുടര്‍ന്നു. ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയില്‍ സഭ ഇന്നും വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞ കര്‍ദിനാള്‍ നമുക്ക് ശക്തിയുടെ യുക്തിക്ക് കീഴടങ്ങാനാവില്ലെന്ന് വ്യക്തമാക്കി.

Tags

Share this story

From Around the Web