ചാറ്റ്‌ബോട്ടുകളുമായി മാനസിക അടുപ്പം വേണ്ട; എഐയുടെ ചതിക്കുഴികളെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദഗ്ധര്‍
എഐ ചാറ്റ്‌ബോട്ടുകളെ യഥാര്‍ത്ഥ സുഹൃത്തുക്കളായോ വിശ്വസ്ത കൂട്ടാളികളായോ കാണരുതെന്ന് സിഗ്‌നല്‍ പ്രസിഡന്റ് മെറിഡിത്ത് വിറ്റേക്കര്‍ മുന്നറിയിപ്പ് നല്‍കി.
ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയ ചാറ്റ്‌ബോട്ടുകള്‍ മനുഷ്യരോട് സൗഹൃദപരമായി പെരുമാറുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെങ്കിലും, അവയ്ക്ക് വികാരങ്ങളോ ബോധമോ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി.
പരിശീലന ഡാറ്റയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കുന്ന ഇവ, വലിയൊരു സാങ്കേതികവിദ്യയുടെ ഭാഗം മാത്രമാണെന്ന് ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഓര്‍മ്മിപ്പിച്ചു.
എഐയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും വികസിപ്പിച്ച കമ്പനികളുടെ നിയന്ത്രണത്തിലാണെന്നും വിറ്റേക്കര്‍ ചൂണ്ടിക്കാട്ടി. ഉപയോക്താക്കള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഈ കമ്പനികളാണ്.
ഉപയോക്താക്കളുടെ ചാറ്റുകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും സാധ്യതയുണ്ടെന്നും, ഇതിലൂടെ പരസ്യദാതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മറുപടികള്‍ ക്രമീകരിക്കപ്പെടാന്‍ ഇടയുണ്ടെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
സമീപകാലത്തായി ചില ഉപയോക്താക്കള്‍ ചാറ്റ്‌ബോട്ടുകളുമായി മാനസിക അടുപ്പം സ്ഥാപിക്കുന്നത് ആശങ്കാജനകമാണെന്ന് വിറ്റേക്കര്‍ അഭിപ്രായപ്പെട്ടു.
ആശയങ്ങള്‍ രൂപീകരിക്കുന്നതിനും ചിന്തിക്കുന്നതിനും മനുഷ്യന്‍ സ്വന്തമായി നടത്തുന്ന മാനസിക പരിശ്രമം എഐ നല്‍കുന്ന റെഡി-മെയ്ഡ് ഉത്തരങ്ങള്‍ കാരണം നഷ്ടപ്പെടരുത്.
സ്വന്തം ആവശ്യങ്ങള്‍ക്ക് എഐ ഉപയോഗിക്കാറുണ്ടെങ്കിലും, ചിന്തിക്കേണ്ട വിഷയങ്ങളില്‍ താന്‍ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കാറില്ലെന്നും അവര്‍ പറഞ്ഞു.
ബാങ്ക് കാര്‍ഡുകള്‍, ബ്രൗസിങ് ഹിസ്റ്ററി, മെസേജുകള്‍, കലണ്ടര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളിലേക്കുള്ള എഐയുടെ വ്യാപകമായ കടന്നുകയറ്റത്തെയും വിറ്റേക്കര്‍ ശക്തമായി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും വ്യക്തിഗത നിയന്ത്രണത്തിനും വലിയ വെല്ലുവിളിയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
സാങ്കേതിക മുന്നേറ്റങ്ങള്‍ക്കിടയിലും ഡിജിറ്റല്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുന്‍ഗണന നല്‍കാന്‍ ഉപയോക്താക്കള്‍ തയ്യാറാകണമെന്ന സന്ദേശമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.