കൈയില്‍ പാന്‍ കാര്‍ഡ് ഇല്ലേ? അറിയേണ്ട കാര്യങ്ങള്‍
നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ടോ? ഇന്ത്യയില്‍ പാന്‍ കാര്‍ഡ് വെറുമൊരു തിരിച്ചറിയല്‍ രേഖ മാത്രമല്ല, ഓരോരുത്തരുടെയും സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പുറമെ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഉള്‍പ്പെടെ വിവിധ സുപ്രധാന സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ വിവരങ്ങള്‍ നല്‍കുന്നത് ആദായനികുതി വകുപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൃത്യമായ പാന്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഇടപാടുകള്‍ വൈകാനും, ഉയര്‍ന്ന തോതില്‍ നികുതി ഈടാക്കപ്പെടാനും, ഇടപാടുകള്‍ തന്നെ നിരസിക്കപ്പെടാനും സാധ്യതയുണ്ട്.
പാന്‍ കാര്‍ഡ് നിര്‍ബന്ധമായ അഞ്ച് പ്രധാന ഇടപാടുകള്‍
ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനും നികുതിദായകന്റെ പ്രഖ്യാപിത വരുമാനവുമായി അവയെ ബന്ധിപ്പിക്കാനുമാണ് ആദായനികുതി വകുപ്പ് പാന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പ്രധാന ഇടപാടുകള്‍ താഴെ പറയുന്നവയാണ്:
• വസ്തുവകകള്‍: 20 ലക്ഷം രൂപയില്‍ കൂടുതലുള്ള സ്ഥാവര വസ്തുക്കളുടെ വാങ്ങലും വില്‍പനയും
• ചരക്കുകളും സേവനങ്ങളും: ഒറ്റത്തവണ ഇടപാടില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ വാങ്ങലും വില്‍പനയും
• അണ്‍ലിസ്റ്റഡ് ഓഹരികള്‍: ഒരു ഇടപാടില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള അണ്‍ലിസ്റ്റഡ് ഓഹരികളുടെ വാങ്ങലും വില്‍പനയും
• വാഹനങ്ങള്‍: അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള മോട്ടോര്‍ വാഹനങ്ങളുടെ വാങ്ങലും വില്‍പനയും
• നിക്ഷേപങ്ങള്‍: ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും സെക്യൂരിറ്റികളിലും മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങളിലുമുള്ള നിര്‍ദിഷ്ട നിക്ഷേപങ്ങള്‍ക്കും
പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ എന്ത് ചെയ്യണം?
നിങ്ങളുടെ പക്കല്‍ പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ മേല്‍പ്പറഞ്ഞ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ 'ഫോം 60' പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 272ആ പ്രകാരം 10,000 രൂപ പിഴ ഈടാക്കാം.
'ഒരു സാമ്പത്തിക ഇടപാടോ അതില്‍ നിന്നുള്ള വരുമാനമോ നികുതിദായകന്റെ ഇന്‍കം ടാക്‌സ് റിട്ടേണില്‍ കൃത്യമായി പ്രതിഫലിക്കുന്നില്ലെങ്കില്‍, ഫണ്ടിന്റെ ഉറവിടം, ഇടപാടിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച് വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടേക്കാം,' എന്ന് ധ്രുവ അഡൈ്വസേഴ്സ് പാര്‍ട്ണറായ സന്ദീപ് ഭല്ല വ്യക്തമാക്കുന്നു. പാന്‍ നല്‍കാതിരിക്കുന്നത് ഇടപാടുകളെ തടസപ്പെടുത്തുന്നതുപോലെ തന്നെ, വരുമാന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കും കര്‍ശന പരിശോധനകള്‍ക്കും ഇടയാക്കുമെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.