മിനിമം ബാലന്‍സ് ഇല്ലേ? ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കിയത് കോടിക്കണക്കിന് രൂപ
ഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്ത ഉപഭോക്താക്കളില്‍ നിന്ന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ കോടിക്കണക്കിന് രൂപ പിഴയായി ഈടാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.
ധനമന്ത്രാലയത്തിന്റെ വിവരങ്ങള്‍ പ്രകാരം, 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് എച്ച്ഡിഎഫ്സി ബാങ്കാണ്. ഈ കാലയളവില്‍ ബാങ്ക് 5,670 കോടി രൂപ പിഴയായി ഈടാക്കി.
തുടര്‍ന്ന് ആക്സിസ് ബാങ്ക് 3,787 കോടി രൂപ, ഐസിഐസിഐ ബാങ്ക് 1,578.29 കോടി രൂപ, കോട്ടക് മഹീന്ദ്ര ബാങ്ക് 998.41 കോടി രൂപ എന്നിങ്ങനെയാണ് പിഴയായി ഈടാക്കിയ തുക.
പൊതുമേഖലാ ബാങ്കുകളുടെ 2021-22 മുതല്‍ 2025-26 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബാങ്ക് ഓഫ് ബറോഡയാണ് 2,028 കോടിയുമായി ഒന്നാം സ്ഥാനത്ത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് 1,896 കോടി രൂപ, ഇന്ത്യന്‍ ബാങ്ക് 1,777 കോടി രൂപ, കനറ ബാങ്ക് 1,524.08 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 1,600.77 കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യ 816.24 കോടി രൂപ എന്നിങ്ങനെയാണ് പിഴയായി ഈടാക്കിയത്.
എസ്ബിഐ 2020 മാര്‍ച്ചുമുതല്‍ സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പിഴ പൂര്‍ണമായും ഒഴിവാക്കിയതിനാല്‍, ബാങ്ക് ഈടാക്കിയ തുക കറന്റ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടതാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പ്രധാന്‍ മന്ത്രി ജനധന്‍ യോജന അക്കൗണ്ടുകള്‍ക്കും ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് വ്യവസ്ഥയോ അതുമായി ബന്ധപ്പെട്ട പിഴയോ ബാധകമല്ല.
കൂടാതെ പൊതുമേഖലയിലെ 12 ബാങ്കുകളില്‍ 10 എണ്ണവും സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പിഴ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശപ്രകാരം, അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ എസ്എംഎസ്, ഇമെയില്‍ അല്ലെങ്കില്‍ കത്ത് മുഖേന ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കണം. ആവശ്യമായ സമയം നല്‍കിയ ശേഷമേ ബാങ്കുകള്‍ക്ക് പിഴ ഈടാക്കാന്‍ സാധിക്കൂ എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.