'പാര്‍ട്ട് ടൈം ജോലികളില്‍ കുടുങ്ങിക്കിടക്കരുത്'; വിദേശപഠനത്തിന് പോകുന്നവര്‍ക്ക് ഉപദേശവുമായി ഇന്ത്യന്‍ യുവതി
വിദേശപഠനം എന്ന സ്വപ്നം വെറുമൊരു അതിജീവന പോരാട്ടം മാത്രമായി ചുരുങ്ങിപ്പോകരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് യു.എസില്‍ ജീവിക്കുന്ന ഇന്ത്യന്‍ യുവതി.
പഠനകാലത്ത് തങ്ങളെത്തന്നെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ വേണ്ടി എടുക്കുന്ന താല്‍ക്കാലിക ജോലികള്‍ (പാര്‍ട്ട് ടൈം ജോലികള്‍) പിന്നീട് സ്ഥിരമായ കരിയര്‍ ആക്കി മാറ്റരുതെന്ന് അഭിപ്രായപ്പെടുകയാണ് സൊനാമി എന്ന യുവതി.
വലിയ ലക്ഷ്യങ്ങളോടെ വിദേശത്തെത്തുന്ന പല വിദ്യാര്‍ത്ഥികളും പിന്നീട് അവിടുത്തെ സുഖസൗകര്യങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നുണ്ടെന്നും ഇത് അവര്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ട അവസരങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് അവരെ തടയുന്നുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഈ 'കംഫര്‍ട്ട് സോണ്‍' അഥവാ സുരക്ഷിതവലയമാണെന്ന് സൊനാമി വിശദീകരിക്കുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പഠനകാലത്ത് വാടക, ഭക്ഷണം, മറ്റ് ദൈനംദിന ചിലവുകള്‍ എന്നിവ കണ്ടെത്താനായി പാര്‍ട്ട് ടൈം അല്ലെങ്കില്‍ എന്‍ട്രി ലെവല്‍ ജോലികളാണ് ചെയ്യുന്നത്. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷവും ഈ താല്‍ക്കാലിക ജോലികളില്‍ തന്നെ സ്ഥിരമായി തുടരുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
സുസ്ഥിരമായ ജീവിതം പടുത്തുയര്‍ത്തിയതിനാലും നല്ല സൗഹൃദങ്ങള്‍ ഉണ്ടായതിനാലും അവിടുത്തെ ദിനചര്യകളുമായി പൊരുത്തപ്പെട്ടതിനാലും പല ബിരുദധാരികളും അതേ ജോലികളില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു. ഈ സുരക്ഷിതത്വബോധം ആശ്വാസം നല്‍കുമെങ്കിലും അത് പലപ്പോഴും അവരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് തടസ്സമാകാറുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു.
സൗകര്യങ്ങള്‍ക്ക് പിന്നാലെ പോകാതെ, തങ്ങള്‍ പഠിച്ച മേഖലയുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് തസ്തികകളിലേക്കും മറ്റ് മികച്ച അവസരങ്ങള്‍ക്കായും നിരന്തരം അപേക്ഷിച്ചുകൊണ്ടിരിക്കാന്‍ സൊനാമി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. കഠിനാധ്വാനം ഒടുവില്‍ ഫലം ചെയ്യുമെന്നും നിരന്തരമായ ശ്രമങ്ങള്‍ ഒരാളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ വലിയ എന്തെങ്കിലും നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും പരിചിതമായ ചുറ്റുപാടുകളില്‍ നിന്ന് പുറത്തുകടക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.