കുടയെടുക്കാന്‍ മറക്കേണ്ട; ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച (നവംബര്‍ 4) വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച (നവംബര്‍ 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന വിവിധ കാലാവസ്ഥാ വ്യതിയാനങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
കൂടാതെ തെക്കന്‍ മഹാരാഷ്ട്ര തീരത്തെ ചക്രവാതച്ചുഴിയും തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്നുള്ള ന്യൂനമര്‍ദ പാത്തിയും മഴ സാധ്യത വര്‍ധിപ്പിക്കുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളില്‍ കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കും. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്തമാന്‍ കടലിലും മണിക്കൂറില്‍ 60 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും പ്രത്യേക ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.