മനുഷ്യ ബുദ്ധിയുടെ പകരം വയ്ക്കാനാവാത്ത മാഹാത്മ്യം മറന്നുപോകരുത്: പാപ്പാ

 
LEO PAPA



ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സമകാലിക പൊതുഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ പഠനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി, 1930 ല്‍, ബ്രസല്‍സില്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് സയന്‍സസിലെ അംഗങ്ങളെ, ഓഗസ്റ്റ്  മാസം ഇരുപത്തിയെട്ടാം തീയതി, വത്തിക്കാനില്‍, ലിയോ പതിനാലാമന്‍ പാപ്പാ സ്വീകരിക്കുകയും, അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി സാമൂഹിക ജീവിതത്തെ പൊരുത്തപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ, ഈ സ്ഥാപനം, വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍, സ്രഷ്ടാവിന്റെ ജ്ഞാന ദീപകമായ  ഉദ്ദേശ്യങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിലേക്കാണ് നയിക്കുന്നതെന്ന് പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, പാപ്പാ ആമുഖമായി പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍, സ്ഥാപനം നല്‍കുന്ന ആഹ്വാനം, നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍, മനുഷ്യ വ്യക്തിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള, തന്റെ സമീപകാല ചാക്രികലേഖനത്തോട് പൊരുത്തപ്പെടുന്നതാണെന്ന സന്തോഷവും പാപ്പാ പങ്കുവച്ചു. ഏവരുടെയും ജീവിതരീതിയെ അടുത്ത് ബാധിക്കുന്നതും, സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചുകിടക്കുന്നതുമായ ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതിരിക്കുക സാധ്യമല്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരം നൂതനാശയങ്ങളുടെ വികസനത്തിന്റെ വേഗത, ഭാവിയില്‍ ഇവയെ നിയന്ത്രിക്കുവാന്‍ സാധിക്കുമോ എന്ന സംശയം ഉണര്‍ത്തുന്നതായും പാപ്പാ ചൂണ്ടിക്കാണിച്ചു. സ്വന്തം കണ്ടുപിടുത്തങ്ങളുടെ ഇരയാകാനുള്ള അപകടസാധ്യത മനുഷ്യന്‍ തന്നെ നേരിടേണ്ടി വരുമോ എന്ന് ചിന്തിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ യന്ത്രങ്ങളെ ഏല്പ്പിക്കുന്നുവെന്നതാണ്, ഗുരുതരമായ ഒരു പ്രശ്‌നം എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.

ഈ സാങ്കേതിക ഉപകരണങ്ങള്‍ക്ക് മുന്നില്‍ മനുഷ്യ ബുദ്ധിയുടെ പകരം വയ്ക്കാനാവാത്ത സ്വഭാവം വീണ്ടും ഉറപ്പിക്കാന്‍ ഈ സ്ഥാപനം നല്‍കുന്ന ചിന്തോദ്ദീപകമായ ആശയങ്ങളെ പാപ്പാ അഭിനന്ദിച്ചു. ഇത്തരം പ്രതിഫലനങ്ങളും പ്രവര്‍ത്തനങ്ങളും മാനവികതയുടെ നന്മയ്ക്കായി ഈ മേഖലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരികളെ സഹായിക്കുമെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഇത്തരം നൂതനമായ കാര്യങ്ങളുടെ നിയന്ത്രണം, ചില പ്രധാന സാമ്പത്തിക, സാങ്കേതിക കേന്ദ്രങ്ങളില്‍ മാത്രം എത്തുന്നതും, ഈ സാഹചര്യങ്ങളില്‍, ഭരണകൂടത്തിന് നിയന്ത്രിക്കുവാന്‍ പ്രയാസം തോന്നുന്നതും, വലിയ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അതിനാല്‍, ഒരു പ്രത്യേക ധാര്‍മ്മികത വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പാപ്പാ ചൂണ്ടിക്കണിച്ചു.

മനുഷ്യന്റെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന്റെ സേവനത്തിനായി എല്ലാ ഗവേഷണങ്ങളെയും ഉപയോഗിക്കുവാനും, അപ്രകാരം, അവ മനുഷ്യനെ സമാധാനത്തിലേക്കും പൊതുനന്മയിലേക്കും നയിക്കുവാനും സാധിക്കട്ടെയെന്നു, ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആശംസിച്ചു. ഈ മഹത്തായ ദൗത്യം ,  നിശ്ചയദാര്‍ഢ്യത്തോടെ തുടരാന്‍ സര്‍വശക്തന്റെ തുണയും, തന്റെ പ്രാര്‍ത്ഥനകളും പാപ്പാ ഉറപ്പുനല്‍കി.

Tags

Share this story

From Around the Web