ദയാവധ നിയമത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുത് '
ന്യൂയോര്‍ക്ക്/യുഎസ്എ: ഓഗസ്റ്റ് 5-ന് യുഎസിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്ന ദയാവധ നിയമത്തിന്റെ ഭാഗമായി നടക്കുന്ന ദയാവധങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുചേരാന്‍ കത്തോലിക്കാ സന്യാസിനിമാരെ നിര്‍ബന്ധിക്കരുതെന്ന താല്‍ക്കാലിക ഉത്തരവുമായി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി.
ഇതുമായി ബന്ധപ്പെട്ട് വിവിധ സന്യാസിനിസമൂഹങ്ങള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ്, ദയാവധ പ്രക്രിയയില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകാന്‍ അവരെ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ഫെഡറല്‍ ജഡ്ജി ആനി നാര്‍ഡാച്ചി ഉത്തരവ് പുറപ്പെടുവിച്ചത്.
മതസ്വാതന്ത്ര്യത്തിനായി നിയമസഹായം നല്‍കുന്ന സംഘടനയായ 'ബെക്കറ്റ് ഫണ്ട്' ആണ് സന്യാസിനി സമൂഹങ്ങളെ കോടതിയില്‍ പ്രതിനിധീകരിച്ചത്.
കോടതിയുടെ ഇടക്കാല ഉത്തരവിനെ സഭാ നേതൃത്വവും സന്യാസിനി സഭകളും സ്വാഗതം ചെയ്തു. രോഗികളെയും പ്രായമായവരെവരെയും സ്നേഹത്തോടെ ശുശ്രൂഷിക്കാനാണ് കുടുംബാംഗങ്ങള്‍ തങ്ങളെ വിശ്വസിച്ച് ഭരമേല്‍പ്പിക്കുന്നതെന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കാനും, ഓരോ രോഗിയുടെയും അവസാന നിമിഷം വരെ അവരുടെ കൂടെയായിരിക്കാനും ഈ ഉത്തരവ് തങ്ങളെ സഹായിക്കുമെന്ന് കര്‍മലീത്ത സന്യാസിനിസഭംഗമായ മദര്‍ മേരി റോസ് ഹീറി ഛഇമൃാ പ്രതികരിച്ചു.
മനുഷ്യന്റെ കഷ്ടപ്പാടുകള്‍ക്ക് ദയാവധത്തിലൂടെ മറുപടി നല്‍കാനോ, ഗുരുതര രോഗികളെ ഉപേക്ഷിക്കാനോ കത്തോലിക്കാ സഭയെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് റോക്ക്വില്ലെ സെന്റര്‍ രൂപതയുടെ ബിഷപ് ജോണ്‍ ബാരസ് പറഞ്ഞു.
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഈ വിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദയാവധം നിയമവിധേയമാക്കുന്ന 13-ാമത്തെ യുഎസ് സംസ്ഥാനമായി ഓഗസ്റ്റ് 5-ന് ന്യൂയോര്‍ക്ക് മാറും.