യാത്ര തുടങ്ങും മുമ്പേ ടിപ്പ് ചോദിക്കേണ്ട; ഊബര്‍, റാപ്പിഡോ ഉള്‍പ്പെടെയുള്ള ടാക്‌സി ആപ്പുകള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

 
uber



ന്യൂ ഡല്‍ഹി: യാത്ര ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഡ്രൈവര്‍ക്കുള്ള ടിപ്പ് നല്‍കാന്‍ പ്രേരിപ്പിക്കുന്ന സംവിധാനം ഇനി ടാക്‌സി ആപ്പുകളില്‍ ഉണ്ടാകില്ല. യാത്ര പൂര്‍ത്തിയായതിന് ശേഷം മാത്രം ടിപ്പ് നല്‍കാനുള്ള ഓപ്ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദേശം. യാത്ര ഉറപ്പാക്കാന്‍ ടിപ്പ് നല്‍കണമെന്ന തരത്തിലുള്ള സന്ദേശങ്ങളോ ഓപ്ഷനുകളോ കാണിക്കാനും പാടില്ല.


2025ലെ Motor Vehicle Aggregator Guidelines പ്രകാരമാണ് പുതിയ നിര്‍ദേശം. ടിപ്പ് പൂര്‍ണമായും യാത്രക്കാരന്റെ സ്വമേധയാ ഉള്ളതായിരിക്കണം. യാത്ര പൂര്‍ത്തിയായ ശേഷം നല്‍കുന്ന മുഴുവന്‍ തുകയും യാതൊരു കുറവും വരുത്താതെ ഡ്രൈവറുടെ അക്കൗണ്ടിലെത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


'ടിപ്പ് നല്‍കിയാല്‍ യാത്ര വേഗത്തില്‍ ലഭിക്കും', 'ഡ്രൈവര്‍ യാത്ര സ്വീകരിക്കാന്‍ കൂടുതല്‍ സാധ്യത' തുടങ്ങിയ തരത്തിലുള്ള പ്രേരണകളും ആപ്പുകളില്‍ അനുവദിക്കില്ല. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ സമ്മര്‍ദത്തിലാക്കുന്നതോ ആയ ടിപ്പിങ് സംവിധാനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Tags

Share this story

From Around the Web