മാര്‍പാപ്പയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. പോസ്റ്റിനൊപ്പം സ്വയം യേശു ആയി ചിത്രീകരിച്ച എഐ ചിത്രവും
മാര്‍പാപ്പയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. പോസ്റ്റിനൊപ്പം സ്വയം യേശു ആയി ചിത്രീകരിച്ച എഐ ചിത്രവും
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ട്രംപിന്റെ കീഴിലെ അമേരിക്കന്‍ കുടിയേറ്റ നയങ്ങളെയും ഇറാന്‍ യുദ്ധത്തെയും അപലപിച്ച് പലതവണ ലിയോ പതിനാലാമന്‍ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ മാര്‍പാപ്പയെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും പോസ്റ്റിട്ടിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. പോസ്റ്റിനൊപ്പം സ്വയം യേശു ആയി ചിത്രീകരിച്ച എഐ ചിത്രവും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം.
വിദേശനയങ്ങളില്‍ വളരെ മോശവുമാണ് മാര്‍പാപ്പയെന്നാണ് ട്രംപിന്റെ പ്രസ്താവന. താന്‍ മാര്‍പാപ്പയുടെ ആരാധകനല്ലെന്നും ട്രംപ് തുറന്നടിച്ചു. ലിയോയേ അല്ല അദേഹത്തിന്റെ സഹോദരനും മാഗാ (Make America Great Again) പിന്തുണക്കാരനുമായ ലുയീസിനെയാണ് തനിക്കിഷ്ടമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്നും. അമേരിക്ക വെനസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന ഒരു പോപ്പിനെയും തനിക്ക് ആവശ്യമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം...
'വിദേശനയത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും പോപ്പ് ലിയോ ദുര്‍ബലനാണ്. ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള 'ഭയത്തെ' കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ടെങ്കിലും, കോവിഡ് കാലത്ത് കത്തോലിക്കാ സഭയും മറ്റ് ക്രൈസ്തവ സംഘടനകളും അനുഭവിച്ച ഭയത്തെക്കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. അന്ന് പള്ളികളില്‍ ശുശ്രൂഷകള്‍ നടത്തിയതിന് പുരോഹിതന്മാരെയും ശുശ്രൂഷകരെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു; പുറത്തിറങ്ങി പത്തോ ഇരുപതോ അടി അകലം പാലിച്ചു നിന്നാല്‍ പോലും ഇതായിരുന്നു അവസ്ഥ. എനിക്ക് ലിയോയേക്കാള്‍ ഇഷ്ടം അദ്ദേഹത്തിന്റെ സഹോദരന്‍ ലൂയിസിനെയാണ്, കാരണം ലൂയിസ് പൂര്‍ണ്ണമായും മാഗ (MAGA) പക്ഷക്കാരനാണ്. ലൂയിസിന് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്, എന്നാല്‍ ലിയോയ്ക്ക് അതില്ല!
ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് ആവശ്യമില്ല. അമേരിക്ക വെനസ്വേലയെ ആക്രമിച്ചത് തെറ്റാണെന്ന് കരുതുന്ന ഒരു പോപ്പിനെയും എനിക്ക് ആവശ്യമില്ല. വെനസ്വേല അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുകയും, അതിലുപരി കൊലയാളികളും മയക്കുമരുന്ന് കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവരെ തടവറകളില്‍ നിന്ന് മോചിപ്പിച്ച് നമ്മുടെ രാജ്യത്തേക്ക് കടത്തിവിടുകയും ചെയ്യുന്ന രാജ്യമാണ്. കൂടാതെ, അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു പോപ്പിനെ എനിക്ക് താല്‍പ്പര്യമില്ല, കാരണം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ വിജയത്തിലൂടെയാണ് (Landslide victory). ഞാന്‍ എന്റെ കടമ കൃത്യമായി നിര്‍വഹിക്കുന്നു-കുറ്റകൃത്യങ്ങളുടെ എണ്ണം റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുറയ്ക്കുകയും ചരിത്രത്തിലെ ഏറ്റവും മികച്ച ഓഹരി വിപണി സൃഷ്ടിക്കുകയും ചെയ്യുന്നു.
ലിയോ ശരിക്കും നന്ദിയുള്ളവനായിരിക്കണം, കാരണം എല്ലാവര്‍ക്കും അറിയാവുന്നത് പോലെ അദ്ദേഹം ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരുന്നു. പോപ്പ് ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു അമേരിക്കക്കാരന്‍ ആയതുകൊണ്ട് മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഇരുത്തിയത്; പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല വഴി അതാണെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍, കുറ്റകൃത്യങ്ങളോടും ആണവായുധങ്ങളോടുമുള്ള ലിയോയുടെ മൃദുസമീപനം എനിക്ക് അംഗീകരിക്കാനാവില്ല. കൂടാതെ, ചര്‍ച്ചില്‍ പോകുന്നവരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ച ഇടതുപക്ഷക്കാരനും പരാജയപ്പെട്ടവനുമായ ഡേവിഡ് ആക്സല്‍റോഡിനെപ്പോലെയുള്ള ഒബാമ അനുഭാവികളെ അദ്ദേഹം സന്ദര്‍ശിക്കുന്നതും ശരിയല്ല.
ലിയോ തന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണം, സാമാന്യബുദ്ധി ഉപയോഗിക്കണം, തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഒരു രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കാതെ ഒരു മികച്ച പോപ്പ് ആകാന്‍ അദ്ദേഹം ശ്രദ്ധിക്കണം. ഇത് അദ്ദേഹത്തെ മോശമായി ബാധിക്കുന്നുണ്ട്, അതിലുപരി കത്തോലിക്കാ സഭയെയും ഇത് ദോഷകരമായി ബാധിക്കുന്നു!'.
മുന്‍പ് യേശുക്രിസ്തുവിനെപ്പോലെ താനും രാജാവാണെന്ന് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസിലെ ഈസ്റ്റര്‍ ലഞ്ചിനിടയിലായിരുന്നു ട്രംപിന്റെ പ്രസ്താവന. ഓശാന ഞായറിന് താന്‍ കയറി വരുന്നത് കണ്ട് ആളുകള്‍ അങ്ങനെ പുകഴ്ത്തിയെന്നും തന്നെ രാജാവെന്നാണ് ആളുകള്‍ വിളിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ കരിയര്‍ ക്രിസ്തുവിന്റെ കുരിശുമരണത്തിനും ഉയിര്‍പ്പിനും സമാനമാണെന്ന് വൈറ്റ് ഹൗസിലെ ആത്മീയ ഉപദേഷ്ടാവ് പൗല വൈറ്റ് കെയ്‌നും പറഞ്ഞു. സഭാനേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രംപിന്റെ പ്രസംഗം. വിവാദമായതിന് പിന്നാലെ വിഡിയോ വൈറ്റ് ഹൗസ് പിന്‍വലിച്ചുവെങ്കിലും വിഡിയോ അതിനകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതുകൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തിന് പിന്നാലെ തനിക്ക് പോപ്പ് ആകണമെന്ന ആഗ്രഹവും ട്രംപ് പ്രകടിപ്പിച്ചിരുന്നു. അന്ന് താന്‍ മാര്‍പാപ്പയുടെ വേഷത്തില്‍ ഇരിക്കുന്ന എഐ ഫോട്ടോയും ട്രംപ് പ്രസിദ്ധീകരിച്ചു.