ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്, മാറ്റിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂയോർക്ക്: ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്റിനോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമെന്ന് ട്രംപ് വ്യക്തമാപ്പിച്ചു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
മികച്ച സംഘാടകനായ ഇൻഫാന്റിനോയുടെ നേതൃത്വത്തിലാണ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ലോകകപ്പ് നടന്നതെന്നും, അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക ലാഭമോ ജനപ്രീതിയോ നേടാനാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഫിഫ മത്സരങ്ങളുടെയും ലോകകപ്പിന്റെയും വാണിജ്യ അവകാശങ്ങളിൽ ഒരു പങ്ക് സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാൻ ഇൻഫാന്റിനോ ശ്രമിച്ചതാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. കടുത്ത വിമർശനങ്ങളെ തുടർന്ന് പദ്ധതി പിൻവലിക്കുകയും മാപ്പുപറയുകയും ചെയ്തെങ്കിലും, അദ്ദേഹം വിശ്വാസം തകർത്തുവെന്ന് ആരോപിച്ച് യുവേഫ (UEFA), കോൺകാകാഫ് (CONCACAF), ഏഷ്യൻ ഫുട്ബോൾ കൺഫെഡറേഷൻ (AFC) തുടങ്ങിയ പ്രമുഖ ഫുട്ബോൾ ഭരണസമിതികൾ ഇൻഫാന്റിനോയുടെ രാജി ആവശ്യപ്പെട്ട് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.