അമേരിക്ക റീഡ്‌സ് ദി ബൈബിൾ' പരിപാടിയിൽ പങ്കുചേർന്ന്  ഡോണൾഡ് ട്രംപ്

 
TRUMPH

രാജ്യം ദൈവവചനത്തിലേക്ക് മടങ്ങുമ്പോൾ എന്ത് സംഭവിക്കും എന്ന ചോദ്യമുയർത്തി അമേരിക്കൻ തലസ്ഥാനത്ത് നടക്കുന്ന 'അമേരിക്ക റീഡ്‌സ് ദി ബൈബിൾ' പരിപാടിയിൽ പങ്കുചേർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലിരുന്ന് ബൈബിളിലെ രണ്ടാം ദിനവൃത്താന്തം  ഏഴാം അധ്യായത്തിലെ ബൈബിൾ വചനമാണ്  അദ്ദേഹം വായിച്ചത്. ദേശത്തിന്റെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പശ്ചാത്താപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ ബൈബിൾ വാക്യങ്ങളാണ് ട്രംപ് തിരഞ്ഞെടുത്തത്.

വിശുദ്ധ ഗ്രന്ഥത്തിലെ 
2 ദിനവൃത്താന്തം 7 അദ്ധ്യായം 14 വാക്യം എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ട മാക്കുകയും ചെയ്യും എന്ന വചനമാണ് ഡൊണാൾഡ് ട്രംപ് വായിച്ചത്.  രാജ്യത്തിന്റെ ആത്മീയ ഉണർവിനായി വിശ്വാസികൾ ഒത്തുചേരുന്ന ഈ ആഴ്ചയിൽ ട്രംപിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ഇതൊരു കേവല വായനയല്ല, മറിച്ച് ഒരു പ്രഖ്യാപനമാണെന്ന് പരിപാടിയുടെ സംഘാടകയായ ബണ്ണി പൗണ്ട്‌സ് പറഞ്ഞു. ഏപ്രിൽ 18 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ ബൈബിൾ വായനയാണ് ഇത് . ഈ ദിവസങ്ങളിൽ ഉല്പത്തി മുതൽ വെളിപാട് വരെയുള്ള ബൈബിൾ പുസ്തകങ്ങൾ പൂർണ്ണമായും വായിച്ചു തീർക്കും .

വാഷിംഗ്ടൺ ഡി.സിയിലെ 'മ്യൂസിയം ഓഫ് ദി ബൈബിളിൽ' നിന്നാണ് പ്രധാന പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ട്രംപിന് പുറമെ സെനറ്റർ ചക്ക് ഗ്രാസ്‌ലി, ജോണി ഏണസ്റ്റ്, ബെൻ കാർസൺ തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഈ ദൗത്യത്തിൽ പങ്കാളികളായി.

രാജ്യത്തിന്റെ ഐക്യത്തിനും ആത്മീയ നന്മയ്ക്കുമായി ദൈവവചനത്തെ ഉയർത്തിപ്പിടിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web