ശത്രുത അവസാനിപ്പിച്ച് ഇറാനുമായി സമാധാന കരാര്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത മാസങ്ങള്‍ നീണ്ട ശത്രുത അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിലെത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജൂണ്‍ 14-ന് പ്രഖ്യാപിച്ചു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിന്റെ ഔദ്യോഗിക ഒപ്പുവെക്കല്‍ ചടങ്ങ് ജൂണ്‍ 19-ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും.
''ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ പൂര്‍ത്തിയായിരിക്കുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുഗമമായ ഗതാഗതം ഞാന്‍ ഇതിനാല്‍ പൂര്‍ണ്ണമായി അനുവദിക്കുന്നു.
അതോടൊപ്പം അമേരിക്കന്‍ നാവികസേന ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഉടനടി പിന്‍വലിക്കാന്‍ ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണയൊഴുകട്ടെ!'' ട്രംപ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഏകദേശം 7,500-നും 10,000-ത്തിനും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഇറാനിലും ലബനനിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മേഖലയിലുടനീളം 2,500 മുതല്‍ 4,000 വരെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്.
ഈ സംഘര്‍ഷത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. അസോസിയേറ്റഡ് പ്രസ്സിന്റെ (അജ) റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ കരാറിലൂടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും, ഇറാന്റെ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന യുഎസ് നാവിക ഉപരോധം നീക്കാനും സാധിക്കും.
കൂടാതെ, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി 60 ദിവസത്തെ സമയപരിധിയും കരാറിലുണ്ട്.
എങ്കിലും, ഈ യുദ്ധത്തിലേക്ക് നയിച്ച പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഭാഗികമായ പരിഹാരം മാത്രമേ കരാര്‍ നല്‍കുന്നുള്ളൂ.
ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച, അമേരിക്കയുടെ പിന്തുണയോടെയുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
സമാധാന കരാറില്‍ മധ്യസ്ഥത വഹിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയതനുസരിച്ച്, ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാന്‍ കരാര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
എന്നാല്‍, ഞായറാഴ്ച ലബനനില്‍ നിന്ന് ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം നടത്തിയതോടെ, തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വാദിച്ചുകൊണ്ട് ഇസ്രായേല്‍ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ശക്തമായ ആക്രമണം നടത്തി.
എന്നാല്‍, തങ്ങള്‍ ഈ കരാറിന്റെ ഭാഗമല്ലെന്ന് ആവര്‍ത്തിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഹിസ്ബുള്ളയുടെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെയും കമാന്‍ഡ് സെന്ററിനെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കി.
ലെയോ പതിനാലാമന്‍ മാര്‍പാപ്പ സമാധാനത്തിനായി തുടര്‍ച്ചയായി നടത്തിയ അഭ്യര്‍ഥനകള്‍ക്ക് പിന്നാലെയാണ് ഈ സമാധാന കരാര്‍ ഉണ്ടായിരിക്കുന്നത്. എല്ലാ കക്ഷികളും ചര്‍ച്ചകളിലേക്ക് മടങ്ങിവരണമെന്നും നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ എണ്‍പതാം ജന്മദിനത്തിലാണ് ഈ സമാധാന കരാര്‍ പ്രഖ്യാപനം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ ഭാഗമായി വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ ചരിത്രത്തിലാദ്യമായി പ്രൊഫഷണല്‍ യുഎഫ്‌സി (ഡഎഇ) മത്സരങ്ങളും അദ്ദേഹം സംഘടിപ്പിച്ചു. അമേരിക്കയുടെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ട്രംപ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.