മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള 24 മണിക്കൂര്‍ തുടങ്ങുന്നത് കസ്റ്റഡി മുതലോ അറസ്റ്റോടെയോ? വ്യക്തത വരുത്തി സുപ്രിംകോടതി
 

 
Supreme Court


 

ന്യൂഡല്‍ഹി: കസ്റ്റഡിയിലെടുത്ത ഒരാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട സമയക്രമം സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രിംകോടതി. ഒരാളെ കസ്റ്റഡിയിലെടുത്ത നിമിഷം മുതലുള്ള 24 മണിക്കൂറാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള സമയപരിധിയെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലാണ് 24 മണിക്കൂര്‍ കണക്കാക്കേണ്ടതെന്ന അന്വേഷണ ഏജന്‍സികളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയാന്‍, അതുല്‍ എസ്. ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

അന്വേഷണത്തിന്റെ ഭാഗമായി ഒരാളുടെ സ്വാതന്ത്ര്യം നിയന്ത്രിച്ച് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ ഭരണഘടനയുടെ അനുച്ഛേദം 22(2) പ്രകാരമുള്ള 24 മണിക്കൂര്‍ സമയപരിധി ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കാനുള്ള യാത്രക്ക് ആവശ്യമായ സമയം മാത്രമേ 24 മണിക്കൂര്‍ കണക്കാക്കുന്നതില്‍നിന്ന് ഒഴിവാക്കാനാകൂ. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ കസ്റ്റഡിയിലെടുത്തയാളെ ഉടന്‍ വിട്ടയക്കണമെന്നും കോടതി പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. 2025 സെപ്റ്റംബര്‍ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 30നാണ്. 24 മണിക്കൂര്‍ സമയപരിധി അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലാണ് കണക്കാക്കിയതെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ വാദം.
എന്നാല്‍, സെപ്റ്റംബര്‍ 30ന് ഉച്ചക്ക് രണ്ടിന് മുമ്പ് തന്നെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 30ന് വൈകിട്ട് 4.45നാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ ഭരണഘടനാപരമായ വ്യവസ്ഥയുടെ ലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന്, പ്രതികളെ ഉടന്‍ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു.

Tags

Share this story

From Around the Web