സോഷ്യല്‍മീഡിയ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നുണ്ടോ?  എന്തൊക്കെയാണ് കാരണങ്ങള്‍?
 

 
social media

നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും മാറിക്കഴിഞ്ഞു. എന്നാല്‍ രാത്രി വൈകിയുള്ള ഇവയുടെ ഉപയോഗം നമ്മുടെ ഉറക്കത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. അവ എങ്ങനെയെന്ന് പരിശോധിക്കാം.

എന്തുകൊണ്ടാണ് ഉറക്കം നഷ്ടപ്പെടുന്നത്?


നമ്മുടെ ശരീരം സ്വാഭാവികമായും രാത്രികാലങ്ങളില്‍ 'മെലാടോണിന്‍' എന്നൊരു ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതാണ് നമുക്ക് ഉറക്കം വരാന്‍ സഹായിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ നിന്നുള്ള 'ബ്ലൂ ലൈറ്റ്' അഥവാ നീല വെളിച്ചം ഈ ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ തടയുന്നു. പകല്‍ വെളിച്ചമാണെന്ന് ശരീരം തെറ്റിദ്ധരിക്കുകയും ഉറക്കം വരാതിരിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍

തുടര്‍ച്ചയായി ഉറക്കം കുറയുന്നത് വെറുമൊരു ക്ഷീണം മാത്രമല്ല ഉണ്ടാക്കുന്നത്. ഇത് ക്രമേണ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, അമിതവണ്ണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഉറക്കം കുറയുന്നതിലൂടെ പകല്‍ സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയും മാനസികമായ സമ്മര്‍ദവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രാത്രിയിലെ പ്രകാശത്തെ നാം നിയന്ത്രിക്കേണ്ടതുണ്ട്.

നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?

നല്ല ഉറക്കം ലഭിക്കാനായി ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കിടപ്പുമുറിയില്‍ വെളിച്ചം കുറച്ചു മാത്രം ഉപയോഗിക്കുക. ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ കലര്‍ന്ന വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തില്ല. മൊബൈലില്‍ 'നൈറ്റ് മോഡ്' ഓപ്ഷന്‍ ഉപയോഗിക്കുന്നതും ബ്ലൂ ലൈറ്റ് തടയാന്‍ സഹായിക്കുന്ന കണ്ണടകള്‍ വെക്കുന്നതും ഒരു പരിധിവരെ ഗുണകരമാണ്.

നല്ല ഉറക്കം നമ്മുടെ ശരീരത്തിനും മനസ്സിനും അത്യാവശ്യമാണ്. സാങ്കേതിക വിദ്യകള്‍ ഉപകാരപ്രദമാണെങ്കിലും അവ നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ നാം ശീലിക്കണം. രാത്രിയില്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ശാന്തമായ അന്തരീക്ഷത്തില്‍ ഉറങ്ങുന്നതും ആരോഗ്യകരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കാന്‍ നമ്മെ സഹായിക്കും.
 

Tags

Share this story

From Around the Web