ആഴമേറിയ പ്രാർഥനയ്ക്ക് ഒരു വഴികാട്ടി ആവശ്യമുണ്ടോ? വിശുദ്ധ അഗസ്റ്റിന്റെ ഒരു കത്ത് ശുപാർശ ചെയ്ത് ലെയോ മാർപാപ്പ

 
Leo papa

പ്രാർഥനയെ എപ്രകാരം അർഥവത്തായ ഒന്നാക്കി മാറ്റാം എന്നതിനെക്കുറിച്ച് വിശുദ്ധ അഗസ്റ്റിൻ എഴുതിയ പുരാതനമായ ഒരു കത്ത് ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികൾക്കായി ശുപാർശ ചെയ്തു. അൾജീരിയയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ്, എ.ഡി. 412-ൽ വിശുദ്ധ അഗസ്റ്റിൻ എഴുതിയ ‘ലെറ്റർ ടു പ്രോബ’ (കത്ത് 130) പാപ്പ ഉയർത്തിക്കാട്ടിയത്. പ്രാർഥന എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അത്ഭുതകരമായ മാർഗനിർദ്ദേശങ്ങൾ ഈ കത്തിലുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

ധനികയായ ഒരു റോമൻ വിധവയായിരുന്ന പ്രോബയ്ക്ക് എഴുതിയ ഈ കത്തിൽ, പ്രാർഥനയെ വാക്കുകളേക്കാൾ ഉപരി ഹൃദയത്തിന്റെ നിരന്തരമായ ആഗ്രഹമായാണ് വിശുദ്ധ അഗസ്റ്റിൻ വിശേഷിപ്പിക്കുന്നത്. പ്രാർഥനയിൽ വാക്കുകൾ വാരിക്കോരി ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ദൈവത്തോടുള്ള ഭക്തിയും സ്നേഹവും ഹൃദയമിടിപ്പായി അനുഭവപ്പെടുന്നതാണെന്ന് വിശുദ്ധൻ പഠിപ്പിക്കുന്നു. പലപ്പോഴും പ്രാർഥന എന്നത് ശബ്ദങ്ങളേക്കാൾ കൂടുതൽ ആഴമേറിയ നിശബ്ദമായ തേങ്ങലുകളിലും വാക്കുകളേക്കാൾ കണ്ണീരിലുമാണ് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.


മനുഷ്യൻ ആത്യന്തികമായി അന്വേഷിക്കുന്ന ‘സന്തോഷകരമായ ജീവിതം’ എന്നത് ദൈവത്തിന്റെ സാന്നിധ്യം മാത്രമാണെന്ന് അഗസ്റ്റിൻ ഈ കത്തിലൂടെ ഓർമ്മിപ്പിക്കുന്നു. നാം ഇതുവരെ കാണാത്തതും എന്നാൽ ആഴത്തിൽ ആഗ്രഹിക്കുന്നതുമായ പരമമായ ആ സത്യത്തിലേക്കുള്ള യാത്രയാണ് പ്രാർഥന. എല്ലാ ഭാവനകളെയും അതിശയിപ്പിക്കുന്ന ദൈവത്തോടുള്ള ആഗ്രഹം വർധിപ്പിക്കുകയാണ് യഥാർഥ ക്രിസ്തീയ പ്രാർഥനയുടെ കാതലായ കാര്യം എന്നും അദ്ദേഹം വാദിക്കുന്നു.

അഗസ്തീനിയൻ സഭാംഗമായ ലെയോ പതിനാലാമൻ മാർപാപ്പ, ‘അഗസ്റ്റിന്റെ മകൻ’ എന്നാണ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. വിശുദ്ധ അഗസ്റ്റിൻ ബിഷപ്പായിരുന്ന ഹിപ്പോ ഉൾപ്പെടുന്ന വടക്കേ ആഫ്രിക്കയിലേക്കുള്ള ഈ യാത്രയിൽ അഗസ്റ്റിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്ന് തമാശരൂപേണ പറഞ്ഞ പാപ്പ, അഗസ്റ്റിന്റെ പ്രശസ്തമായ ‘കുമ്പസാരങ്ങൾ’ (Confessions) ഇതുവരെ വായിക്കാത്തവർ അത് വായിക്കണമെന്നും പറഞ്ഞു.

Tags

Share this story

From Around the Web