കന്യാസ്ത്രീയെകുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തിന് പാക്കിസ്ഥാനില്‍ ആദരവ്

 
PAKISTN


പാകിസ്ഥാന്‍: പാകിസ്ഥാനില്‍ കുഷ്ഠരോഗത്തിനെതിരെ പോരാടിയ സിസ്റ്റര്‍ റൂത്തിനെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രത്തിന് പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പുരസ്‌കാരം. 

മുസ്ലീം സംവിധായകനായ ഡോ. ആതിഫ് അഷ്‌റഫ് ആണ് ഈ ഡോക്യുമെന്ററി ചിത്രം നിര്‍മ്മിച്ചത്. കറാച്ചിയിലെ ഒരു കുഷ്ഠരോഗ കോളനി സന്ദര്‍ശനമാണ് അവര്‍ക്കുവേണ്ടി ജീവിതം മാറ്റിവെക്കാന്‍ സിസ്റ്ററിനു പ്രചോദനമായത്.

കുഷ്ഠരോഗമൂലം ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് കുടിവെളളമോ വൈദ്യസഹായമോ ഇല്ലാത്ത കറാച്ചിയിലെ കുറെയേറെ ജീവിതങ്ങള്‍. ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിട്ടും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി തെരുവില്‍ ഭിക്ഷ യാചിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടവര്‍. 

അവിടേക്കാണ് 1960 ല്‍ 'സൊസൈറ്റി ഓഫ് ദ ഡോട്ടേഴ്‌സ് ഓഫ് ദ ഹാര്‍ട്ട് ഓഫ് മേരി' സഭാംഗമായിരുന്ന ജര്‍മന്‍ സ്വദേശിനി സിസ്റ്റര്‍ റൂത്ത് കതറീന മാര്‍ത്ത ഫൗ എത്തുന്നത്. ജര്‍മനിയില്‍ നിന്ന് വരുന്ന വഴിയിലുണ്ടായ വിസപ്രശ്‌നങ്ങള്‍ ആണ് ഇന്ത്യയില്‍ എത്തേണ്ട സിസ്റ്റര്‍ റൂത്തിനെ വഴിത്തിരിപ്പിച്ചു കറാച്ചിയില്‍ എത്തിച്ചത് .

ജാതിമതഭേദമന്യേ രോഗികളെ ഒരേപോലെ ശുശ്രുഷിച്ച സിസ്റ്റര്‍ റൂത്ത്, 'പാക്കിസ്ഥാന്റെ മദര്‍ തെരേസ' എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. പാകിസ്ഥാന്റെ പ്രധാന കുഷ്ഠ രോഗ ചികിത്സ കേന്ദ്രമായ 'മേരി അഡ്ലെയ്ഡ് ലെപ്രസി സെന്ററിന്റെ ' സ്ഥാപനത്തിന് സിസ്റ്ററാണ് നേത്രത്വം വഹിച്ചത്. 

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം രാജ്യത്ത് കുഷ്ഠരോഗത്തെ നിയന്ത്രണ വിധേയമാക്കിയത് സിസ്റ്ററിന്റെയും സഹപ്രവര്‍ത്തകരുടെയും നേത്രത്വത്തിലുള്ള ദേശിയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയാണ്. 

ഹിലാല്‍-ഇ-പാകിസ്താന്‍, ഹിലാല്‍-ഇ-ഇംതിയാസ് തുടങ്ങിയ പാക്കിസ്ഥാന്റെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. 2017-ല്‍ 87-ാം വയസ്സില്‍, സിസ്റ്റര്‍ അന്തരിച്ചു. 


സൈനിക സല്യൂട്ടോടെയുള്ള പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് പാക്കിസ്ഥാന്‍ ഭരണകൂടം സിസ്റ്ററിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

ദേശീയ ന്യൂനപക്ഷ വാരത്തോടനുബന്ധിച്ച് നടന്ന ഹ്രസ്വചിത്ര മത്സരത്തില്‍ ആണ് 'ഡോ. റൂത്ത് ഫൗ  ദ വുമണ്‍ ഹൂ ഡിഫീറ്റഡ് ലെപ്രസി ഇന്‍ പാക്കിസ്ഥാന്‍' ,പുരസ്‌കാരം കരസ്ഥമാക്കിയത് . ക്രൈസ്തവര്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച സേവനത്തിന്റെ അംഗീകാരമായാണ് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഈ പുരസ്‌കാരമെന്ന് സഭാധികാരികള്‍ അഭിപ്രായപ്പെട്ടു.


 

Tags

Share this story

From Around the Web