ദിവ്യകാരുണ്യത്തിന്റെ പരിവര്‍ത്തന ശക്തി പ്രമേയമാക്കി ഡോക്യുമെന്ററി ചിത്രം തിയേറ്ററുകളില്‍
ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ആരാധനയുടെ അത്ഭുതകരമായ പരിവര്‍ത്തന ശക്തി പ്രമേയമാക്കി ഒരുക്കിയ പുതിയ ഡോക്യുഡ്രാമ ചിത്രം 'അഡോര്‍ ഹിം: ഹി ഈസ് ഹിയര്‍' (അറീൃല ഒശാ: ഒല ക െഒലൃല) അമേരിക്കന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു.
യഥാര്‍ത്ഥ ജീവിതാനുഭവങ്ങളും രക്ഷാചരിത്രത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങളും കോര്‍ത്തിണക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം, വിശുദ്ധ കുര്‍ബാനയില്‍ വെളിപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ ആഴമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഒക്ടോബര്‍ 8 വരെ അമേരിക്കയിലുടനീളമുള്ള തിയേറ്ററുകളിലാണ് ഡോക്യുമെന്ററി ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
2024-ല്‍ പുറത്തിറങ്ങിയ 'ജീസസ് തേസ്റ്റ്‌സ്: ദി മിറക്കിള്‍ ഓഫ് ദി യൂക്കരിസ്റ്റ്' എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളില്‍ നിന്നാണ് ഈ പുതിയ ചിത്രത്തിന്റെ പിറവി. ഡീക്കന്‍ സ്റ്റീവ് ഗ്രെക്കോയാണ് ഡോക്യുഡ്രാമയും ഒരുക്കിയിരിക്കുന്നത്. യേശു വിശുദ്ധ കുര്‍ബാനയില്‍ യഥാര്‍ത്ഥമായി സന്നിഹിതനാണെന്ന് മനസ്സിലാക്കിയവര്‍ക്ക്, അവിടുത്തോട് കൂടുതല്‍ ആഴത്തില്‍ ബന്ധപ്പെടാന്‍ കഴിയുമെന്ന് ഡീക്കന്‍ സ്റ്റീവ് ഗ്രെക്കോ പറയുന്നു.
വിശുദ്ധ കുര്‍ബാന യാഥാര്‍ത്ഥമാണെന്നും, അവിടുത്തെ സ്‌നേഹം അനുഭവിച്ചറിയാന്‍ ആളുകള്‍ ചാപ്പലുകളിലേക്കും ആരാധനയിലേക്കും സ്ഥിരമായി കടന്നുവരുവാനുള്ള ആഗ്രഹം ലഭിക്കുന്നതിന് വേണ്ടിയാണ് ചലച്ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ലഹോമ സിറ്റി ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ലി, ലോസ് ആഞ്ചലസ് ആര്‍ച്ച് ബിഷപ്പ് ഹോസെ ഗോമസ്, ഫാ. ക്രിസ് അലാര്‍, കോളേജ് ക്യാമ്പസുകളിലും ഇടവകകളിലും ആഗോളതലത്തിലും മുഴുവന്‍ സമയ മിഷ്ണറിമാരെ നിയോഗിച്ചുകൊണ്ട്, സുവിശേഷപ്രഘോഷണം നടത്തുകയും വ്യക്തികളെ വിശ്വാസത്തില്‍ നയിക്കുകയും ചെയ്യുന്ന പ്രസ്ഥാനമായ ഫോക്കസിന്റെ സ്ഥാപകന്‍ കര്‍ട്ടിസ് മാര്‍ട്ടിന്‍, സുവിശേഷകന്‍ ക്രിസ് സ്റ്റെഫാനിക് തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്.