ക്രൈസ്തവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം
ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം. 'ഹംഗറി ഹെല്‍പ്പ്‌സ് - വേര്‍ ഹംഗറി മീന്‍സ് ലൈഫ്' എന്ന പേരിലുള്ള ഡോക്യുമെന്ററി ആന്‍ഡ്രാസ് അര്‍പാഡ് നോവാക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഡോക്യുമെന്ററി ചിത്രം ചൊവ്വാഴ്ച ബുഡാപെസ്റ്റിലെ യുറേനിയ നാഷണല്‍ ഫിലിം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെയും യുദ്ധത്തിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്ന മറ്റുള്ളവരെയും പിന്തുണയ്ക്കുന്നതിനായി ഹംഗേറിയന്‍ ഭരണകൂടം 2017ല്‍ ആരംഭിച്ച ഹംഗറി ഹെല്‍പ്പ്‌സ് പ്രോഗ്രാം വഴി ദശലക്ഷകണക്കിന് ആളുകള്‍ക്ക് ആണ് സഹായം ലഭിച്ചിരിക്കുന്നത്.
2.5 ദശലക്ഷം പീഡിത ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗേറിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള സംവിധാനം വഴി സാധിച്ചിട്ടുണ്ട്.
ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കാന്‍ ശക്തമായ നടപടി ആവശ്യമാണെന്ന് ഹംഗറിയുടെ ഉപപ്രധാനമന്ത്രി സോള്‍ട്ട് സെംജെന്‍ ഡോക്യുമെന്ററിയുടെ പ്രീമിയര്‍ ഷോയ്ക്കിടെ പറഞ്ഞു. പ്രതിദിനം ഏകദേശം 12 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നുണ്ടെന്നും തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാരണം ഏകദേശം 400 ദശലക്ഷം പേര്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപ വര്‍ഷങ്ങളില്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഹംഗറി ഹെല്‍പ്പ്‌സ് പ്രോഗ്രാം വഴി 68 രാജ്യങ്ങളിലായി ഏകദേശം 500 പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നേരിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പദ്ധതി ശ്രദ്ധ നേടുകയാണെന്നു പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായകരമാണെന്നും ഹംഗറി ഹെല്‍പ്പ്‌സ് പ്രോഗ്രാമിന്റെ മേല്‍നോട്ടം വഹിക്കുന്ന ട്രിസ്റ്റന്‍ അസ്‌ബെജ് പറഞ്ഞു. ഭൗതികവും വൈകാരികവുമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും വിശ്വാസവും സ്വത്വവും നിലനിര്‍ത്തിക്കൊണ്ട് ആളുകളെ സ്വന്തം മാതൃരാജ്യത്ത് തുടരാന്‍ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സും മറ്റ് ഭീകര സംഘടനകളും നടത്തിയ വിവിധ ആക്രമണങ്ങളില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരകണക്കിന് ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ഹംഗേറിയന്‍ സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ സാധിച്ചിരിന്നു.