ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും പരസ്യനിയന്ത്രണം സ്വാഗതാര്‍ഹം, ആരോഗ്യരംഗം മനുഷ്യസേവനത്തിനും ജീവസംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: പ്രൊ ലൈഫ്
കൊച്ചി: ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും പരസ്യനിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തെ പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് സ്വാഗതം ചെയ്തു.
ആരോഗ്യരംഗത്ത് ധാര്‍മികതയും സുതാര്യതയും ഉറപ്പാക്കുന്നതിനും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത്തരം നിയന്ത്രണങ്ങള്‍ സഹായകമാകുമെന്ന് ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് പറഞ്ഞു.
രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന ചികിത്സാവാഗ്ദാനങ്ങള്‍, സ്ഥിരീകരിക്കാനാകാത്ത മികവവകാശവാദങ്ങള്‍, ചികിത്സാഫലം ഉറപ്പുനല്‍കുന്ന പ്രചാരണങ്ങള്‍ എന്നിവ നിയന്ത്രിക്കപ്പെടണം. രോഗികളുടെ വിശ്വാസവും നിസ്സഹായാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും വാണിജ്യനേട്ടത്തിനായി ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്. ചികിത്സയുടെ മികവ് പരസ്യങ്ങളിലൂടെയല്ല, ശാസ്ത്രീയമായ ചികിത്സയിലൂടെയും രോഗിസുരക്ഷയിലൂടെയും കരുണാപൂര്‍ണമായ സേവനത്തിലൂടെയുമാണ് തെളിയിക്കപ്പെടേണ്ടതെന്നും സാബു ജോസ് പറഞ്ഞു.
ക്രൈസ്തവ സഭകളുടെ ആശുപത്രികള്‍ വാണിജ്യപരമായ പരസ്യമാതൃകകള്‍ അനുകരിക്കുന്നതിനുപകരം തങ്ങളുടെ അടിസ്ഥാന ദൗത്യമായ മനുഷ്യസേവനത്തിനും ജീവസംരക്ഷണത്തിനും മുന്‍ഗണന നല്‍കണം. ദരിദ്രര്‍ക്കും അശരണര്‍ക്കും ചികിത്സാച്ചെലവ് താങ്ങാനാകാത്തവര്‍ക്കും ആശ്വാസം നല്‍കുന്ന സേവനസംസ്‌കാരം വളര്‍ത്തിയെടുക്കണം.
പ്രൊ ലൈഫ് ദര്‍ശനമാണ് ക്രൈസ്തവ ആശുപത്രികളുടെ ലക്ഷ്യവും മാര്‍ഗവും. ഗര്‍ഭസ്ഥശിശു മുതല്‍ വൃദ്ധര്‍ വരെ ഓരോ മനുഷ്യജീവന്റെയും അന്തസ്സും മഹത്വവും ആദരിക്കപ്പെടണം. രോഗചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധം, ആരോഗ്യബോധവല്‍ക്കരണം, കുറഞ്ഞ ചെലവിലുള്ള പ്രാഥമിക ചികിത്സ, പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്കും സഭയുടെ ആരോഗ്യസ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണം.
ആശുപത്രികളുടെ മികവ് കെട്ടിടങ്ങളുടെ വലുപ്പത്തിലും പരസ്യങ്ങളുടെ ആകര്‍ഷണത്തിലും മാത്രം വിലയിരുത്തരുത്. എത്ര ദരിദ്രര്‍ക്ക് ചികിത്സ ലഭിച്ചു, എത്ര രോഗികള്‍ക്ക് ആശ്വാസം നല്‍കാനായി, എത്ര മനുഷ്യജീവനുകള്‍ സംരക്ഷിക്കാനായി എന്നതും ആരോഗ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിന്റെ പ്രധാന മാനദണ്ഡങ്ങളാകണം.
ആരോഗ്യരംഗത്തെ ധാര്‍മികതയും രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. നിയമപരമായ നിയന്ത്രണങ്ങള്‍ക്കൊപ്പം ആരോഗ്യസ്ഥാപനങ്ങളുടെ ആത്മപരിശോധനയും അനിവാര്യമാണ്. മനുഷ്യജീവന്റെ മഹത്വവും രോഗികളുടെ ക്ഷേമവും സാമ്പത്തിക താല്‍പര്യങ്ങളെക്കാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആരോഗ്യസംസ്‌കാരം വളര്‍ത്തിയെടുക്കണം.
ആരോഗ്യരംഗം ലാഭം മാത്രം ലക്ഷ്യമിടുന്ന വാണിജ്യമേഖലയല്ല; അത് മനുഷ്യജീവന്റെ സംരക്ഷണത്തിനും രോഗികളുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കേണ്ട സേവനമേഖലയാണ്. ആരോഗ്യരംഗത്തിന്റെ വിശുദ്ധീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. രോഗികളെ ഉപഭോക്താക്കളായി കാണുന്ന സമീപനത്തില്‍നിന്ന് ഓരോ മനുഷ്യജീവനെയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സേവനസംസ്‌കാരത്തിലേക്ക് ആരോഗ്യരംഗം മാറണമെന്നും സാബു ജോസ് പറഞ്ഞു.