നിങ്ങളുടെ കുട്ടികള്‍ പരസ്പരം വഴക്കടിക്കാറുണ്ടോ? എന്താണ് കാരണമെന്നറിയാമോ?
സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തോടൊപ്പം വഴക്കും അസൂയയും മത്സരബുദ്ധിയും കാണപ്പെടുന്നത് മനഃശാസ്ത്രത്തില്‍ 'സിബ്ലിങ് റൈവല്‍റി' എന്നാണ് അറിയപ്പെടുന്നത്. കളിപ്പാട്ടങ്ങള്‍ക്കായുള്ള തര്‍ക്കങ്ങള്‍ മുതല്‍ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായുള്ള പിടിവലി വരെ ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. ഇത് സ്വാഭാവികമാണെങ്കിലും, കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കുട്ടികളുടെ ഭാവി ബന്ധങ്ങളെയും വ്യക്തിത്വ വളര്‍ച്ചയെയും ഇത് ദോഷകരമായി ബാധിച്ചേക്കാം.
കുട്ടികളില്‍ ഈ സ്വഭാവം ഉണ്ടാകുന്നതിന് പ്രധാനമായും ചില കാരണങ്ങളുണ്ട്. തങ്ങള്‍ക്ക് ലഭിക്കേണ്ട സ്‌നേഹവും പരിഗണനയും സഹോദരങ്ങള്‍ക്ക് കൂടുതല്‍ ലഭിക്കുന്നു എന്ന തോന്നല്‍ അവരില്‍ അസൂയ വളര്‍ത്തുന്നു.
പ്രത്യേകിച്ച് രണ്ടാമതൊരു കുട്ടി കൂടി കുടുംബത്തിലേക്ക് വരുമ്പോള്‍, മൂത്തകുട്ടിക്ക് അതുവരെ കിട്ടിയിരുന്ന ശ്രദ്ധ നഷ്ടപ്പെട്ടതായി തോന്നാം.
കൂടാതെ, ''അവനെ കണ്ടു പഠിക്ക്'' എന്ന തരത്തിലുള്ള മാതാപിതാക്കളുടെ താരതമ്യപ്പെടുത്തലുകളും, സ്വന്തം സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള മടിയും കുട്ടികള്‍ക്കിടയിലെ ശത്രുതയും വഴക്കുകളും വര്‍ദ്ധിപ്പിക്കുന്നു.
ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാതാപിതാക്കള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഓരോ കുട്ടിയും വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളാണെന്ന് തിരിച്ചറിഞ്ഞ്, ഒരാളുടെ പഠനത്തെയോ വളര്‍ച്ചയെയോ മറ്റേയാളുമായി താരതമ്യം ചെയ്യുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.
ഒരാളെ പുകഴ്ത്തി സംസാരിക്കുമ്പോള്‍ മറ്റേയാളെ മനഃപൂര്‍വ്വമല്ലാതെയോ അല്ലാതെയോ തരംതാഴ്ത്താതിരിക്കാനും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികള്‍ തമ്മിലുള്ള ഇത്തരം മത്സരബുദ്ധിയും തര്‍ക്കങ്ങളും സ്‌നേഹത്തോടെയും ക്ഷമയോടെയും വേണം മാതാപിതാക്കള്‍ കൈകാര്യം ചെയ്യാന്‍. വഴക്കുണ്ടാക്കുമ്പോള്‍ പക്ഷംപിടിക്കാതെ ഇരുവര്‍ക്കും തുല്യ പരിഗണന നല്‍കുക.
ഒരേസമയം രണ്ട് കുട്ടികള്‍ക്കും ആവശ്യമായ സ്‌നേഹവും ശ്രദ്ധയും ഉറപ്പാക്കുന്നതിലൂടെയും, അവരവരുടെ വ്യക്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.