ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
സന്തോഷകരമായ ഒരു ജീവിതമെന്നത് ഏവരുടെയും സ്വപ്നമാണ്. ഒന്നു സ്വസ്ഥമായിരിക്കാനും സമാധാനത്തോടെ ഉറങ്ങാനും നല്ലരീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിയുക എന്നത് നിസ്സാരകാര്യമല്ല. അതിനു നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തില്‍ സമാധാനവും ശാന്തതയും നിറയ്ക്കാന്‍ നമ്മെ സഹായിക്കുന്ന ചില ഘടകങ്ങള്‍ ഇതാ...
1. സാമൂഹികത
സമൂഹത്തില്‍നിന്നും ഉള്‍വലിയാതെ എല്ലാവരോടും നല്ലരീതിയില്‍ ഇടപെട്ടുകൊണ്ടു ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു അത്യാവശ്യത്തിനു വിളിച്ചാല്‍ ഓടിവരാന്‍ ആളുണ്ടെന്നുള്ള ഉറപ്പ് നമ്മുടെ ജീവിതത്തില്‍ പകരുന്ന സമാധാനം വളരെ വലുതാണ്. ഒപ്പം നല്ല സൗഹൃദങ്ങളും ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകംതന്നെ.
2. സ്മരണ ഉണ്ടായിരിക്കുക
പലപ്പോഴും പല ആളുകളും പറയുന്ന ഒന്നാണ് 'വന്ന വഴി മറക്കരുത്' എന്നത്. അതിന്റെ അര്‍ഥം, നാം കടന്നുവന്ന വഴികളില്‍ നമ്മെ സഹായിച്ച അനേകം ആളുകളുണ്ടാവാം. അവരെയൊക്കെ മറന്നുജീവിക്കരുത് എന്നാണ്.
നമ്മുടെ ജീവിതവഴികളില്‍ നമ്മെ സഹായിച്ചവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ആവശ്യങ്ങളില്‍ കൂടെനില്‍ക്കുകയും അവരുടെ സ്മരണ നിലനിര്‍ത്തുകയും ചെയ്യുന്നത് ജീവിതത്തില്‍ ലാളിത്യം പുലര്‍ത്താന്‍ നമ്മെ സഹായിക്കും. ഒപ്പം, ഇത്തരത്തില്‍ നമുക്കു തുണയായിട്ടുള്ള ആളുകളെ വിളിക്കുകയും അവരുമായി സ്‌നേഹസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ നാം നമ്മുടെ ജീവിതത്തെ കുറച്ചുകൂടെ കൃതജ്ഞതയോടെ കാണും.
3. സമൂഹമാധ്യങ്ങളുടെ നിയന്ത്രിതമായ ഉപയോഗം
ഇന്നത്തെ ലോകത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി പലരും കരുതിയിരിക്കുന്ന ഒന്നാണ് സമൂഹമാധ്യമങ്ങള്‍. അവയുടെ ഉപയോഗം ഒരു പരിധിവരെ ഉപകാരപ്രദമാണ്. എന്നാല്‍ അമിതോപയോഗം നമ്മുടെയുള്ളിലും ബന്ധങ്ങളിലും വിള്ളലുകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകും. അതിനാല്‍ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ആവശ്യത്തിനുമാത്രമായി ചുരുക്കാം. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം കൂടുതല്‍ സമയം ചിലവിടാം.
4. വര്‍ത്തമാനകാലത്തില്‍ മനസ്സ് കേന്ദ്രീകരിക്കാം
നമ്മുടെ ജീവിതത്തില്‍ പലതരത്തിലുള്ള അനുഭവങ്ങളിലൂടെയാകാം നാം കടന്നുപോയിട്ടുള്ളത്. സമൃദ്ധമായ ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നിരിക്കാമെങ്കിലും വര്‍ത്തമാനകാലത്തില്‍ അത്ര ശോഭ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും ഇന്നത്തെ യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം. ഭൂതം, ഭാവികാലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നമ്മുടെ സന്തോഷം നശിക്കുന്നതിനു കാരണമാകാം. അതിനാല്‍ നാം ഇന്ന് കടന്നുപോകുന്ന അനുഭവങ്ങള്‍ എന്താണോ ആ അനുഭവങ്ങളെ പ്രാര്‍ഥനയോടെ സ്വീകരിച്ചു മുന്നേറാം.
5. ലഹരിയോടു 'നോ' പറയാം
നമ്മുടെ ജീവിതത്തിന്റെ സകല സന്തോഷങ്ങളും നഷ്ടപ്പെടുത്തുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. കുറച്ചല്ലേ ഉപയോഗിക്കുന്നുള്ളൂ; അതുകൊണ്ട് ആര്‍ക്കും ദോഷം വരുത്തുന്നില്ലല്ലോ എന്ന ചിന്ത ഉള്ളവരുണ്ടാകാം. എന്നാല്‍ ഈ അല്പ ഉപയോഗം, ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ അമിതമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ലഹരിയുടെ ഉപയോഗം പൂര്‍ണ്ണമായും നമ്മുടെ ജീവിതത്തില്‍നിന്നും മാറ്റിവയ്ക്കാം.
6. പ്രാര്‍ഥന
ഏതു മതത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും പ്രാര്‍ഥനയും ആത്മീയജീവിതവും സമാധാനം നിലനിര്‍ത്തുന്നതിനു നമ്മെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ശക്തമായ ആത്മീയ അടിത്തറയുള്ള ഒരാളെ തകര്‍ക്കാന്‍ പെട്ടന്നൊന്നും കഴിയില്ല. അതുപോലെതന്നെ അനുദിനം പ്രാര്‍ഥിച്ചുകൊണ്ടു മുന്നേറുന്ന വ്യക്തിയില്‍ ദൈവത്തിന്റെ വലിയ കൃപാകടാക്ഷം നിറയുന്നതും കാണാം. അതിനാല്‍ പ്രാര്‍ഥനയോടെ മുന്നേറാന്‍ ശ്രമിക്കാം.