വീട്ടിൽ പുകവലിക്കുന്നവരുണ്ടോ? അറിഞ്ഞുകൊണ്ട് മക്കളെ രോഗികളാക്കരുത്!
കുട്ടികള്‍ക്ക് എപ്പോഴും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം തങ്ങളുടെ വീടാണ്. എന്നാല്‍ ഇന്ന് പല ഇന്ത്യന്‍ വീടുകളിലും ഭക്ഷണത്തിന്റെ മണത്തിനൊപ്പം സിഗരറ്റ് പുകയുടെ മണവും ജനലുകളിലും കര്‍ട്ടനുകളിലും ഒളിഞ്ഞിരിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ വലിച്ചുതള്ളുന്ന പുകയില്‍ നിന്നും രക്ഷപ്പെടാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഒരിടവുമില്ല എന്നതാണ് സങ്കടകരമായ വസ്തുത. വീട്ടില്‍ പുകവലിക്കുന്നവരുണ്ടായാല്‍ കുട്ടികള്‍ സുരക്ഷിതരല്ല. അതിനാല്‍, മാതാപിതാക്കള്‍ അറിഞ്ഞുകൊണ്ട് മക്കളെ രോഗികളാക്കരുത്!
എന്താണ് പരോക്ഷ പുകവലി
പുകവലിക്കാത്ത ഒരാള്‍ മറ്റുള്ളവര്‍ അന്തരീക്ഷത്തിലേക്ക് വിട്ടുകളയുന്ന പുക ശ്വസിക്കുന്നതിനെയാണ് പരോക്ഷ പുകവലി എന്ന് പറയുന്നത്. ലോകത്താകെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് പുകവലി കാരണം മരണപ്പെടുന്നത്. ഇതില്‍ വലിയൊരു പങ്ക് നേരിട്ട് പുകവലിക്കാത്ത നിരപരാധികളായ മനുഷ്യരാണ്. കുട്ടികള്‍ ഭൂരിഭാഗം സമയവും വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നതിനാല്‍ ഈ വിഷപ്പുക ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവരുടെ കുഞ്ഞുശരീരങ്ങളെയാണ്.
ബാല്‍ക്കണിയിലെ പുകവലി കുട്ടികളെ രക്ഷിക്കുമോ?
കുട്ടികളുടെ മുന്നില്‍ വെച്ച് പുകവലിക്കാതിരിക്കുകയോ, ജനലരികില്‍ നിന്നോ ബാല്ക്കണിയില്‍ നിന്നോ പുകവലിക്കുകയോ ചെയ്താല്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് പല മാതാപിതാക്കളും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സിഗരറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ പെട്ടെന്നൊന്നും വായുവില്‍ അലിഞ്ഞുപോകില്ല. അവ വീടിനുള്ളിലെ തുണികളിലും കര്‍ട്ടനുകളിലും കസേരകളിലുമെല്ലാം വന്നടിയും.
കണ്‍മുന്നില്‍ കാണാത്ത മൂന്നാംഘട്ട പുകവലി
പുക ഒഴിഞ്ഞുപോയാലും വസ്ത്രങ്ങളിലും ഫര്‍ണിച്ചറുകളിലും അവശേഷിക്കുന്ന ഈ വിഷാംശത്തെയാണ് 'തേര്‍ഡ് ഹാന്‍ഡ് സ്‌മോക്ക്' എന്ന് വിളിക്കുന്നത്. ഇത് കണ്ണുകൊണ്ട് കാണാന്‍ കഴിയില്ലെങ്കിലും ദിവസങ്ങളോളം വീടിനുള്ളില്‍ തങ്ങിനില്‍ക്കും. നിലത്ത് ഇഴഞ്ഞുനടക്കുന്ന കുഞ്ഞുങ്ങളും കളിക്കുന്ന കുട്ടികളും ഈ പ്രതലങ്ങളില്‍ തൊടുകയും ആ കൈകള്‍ വായില്‍ വെക്കുകയും ചെയ്യുമ്പോള്‍ മാരകമായ വിഷാംശങ്ങള്‍ അവരുടെ ഉള്ളിലെത്തുന്നു. ഫാനുകളോ എയര്‍ പ്യൂരിഫയറുകളോ ഉപയോഗിച്ചതുകൊണ്ട് മാത്രം ഈ വിഷാംശങ്ങളെ മാറ്റാന്‍ കഴിയില്ല.
കുട്ടികളുടെ ശ്വാസകോശത്തെ തകര്‍ക്കുന്ന രോഗങ്ങള്‍
കുട്ടികളുടെ ശ്വാസകോശം പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ഒന്നാണ്. അവര്‍ മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ ശ്വാസമെടുക്കുന്നതിനാല്‍, ശരീരഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വിഷവായു ഉള്ളിലേക്ക് എടുക്കുന്നു. ഇത് കുട്ടികളില്‍ കടുത്ത ആസ്ത്മ, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ന്യൂമോണിയ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും കുട്ടിക്ക് അടിക്കടി ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് കരുതി നമ്മള്‍ മരുന്ന് കൊടുക്കാറുണ്ട്, എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ വീടിനുള്ളിലെ ഈ വിഷപ്പുകയായിരിക്കും.
ഇന്ത്യന്‍ വീടുകളിലെ സാഹചര്യം
നമ്മുടെ നാട്ടില്‍ പുകവലിയെ ഒരു വ്യക്തിപരമായ ശീലമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ മുതിര്‍ന്നവര്‍ വീടിനുള്ളിലിരുന്ന് പുകവലിച്ചാല്‍ അവരെ തടയാന്‍ പലരും മടിക്കുന്നു. കുട്ടികളുടെ പഠനത്തിനും ഭക്ഷണത്തിനും വലിയ തുക ചെലവാക്കുന്ന മാതാപിതാക്കള്‍ പോലും തങ്ങള്‍ അറിയാതെ കുഞ്ഞുങ്ങള്‍ക്ക് വിഷവായു നല്‍കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ല. ഇതൊരു ചെറിയ വീട്ടുശീലമല്ല, മറിച്ച് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയൊരു അപകടമാണ്.
കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?
കുട്ടികളെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
പൂര്‍ണ്ണമായും പുകവലി ഒഴിവാക്കുക:വീടിനുള്ളിലോ യാത്ര ചെയ്യുന്ന വണ്ടികളിലോ ഒരു കാരണവശാലും പുകവലിക്കരുത്.
വസ്ത്രങ്ങള്‍ മാറ്റുക:പുറത്തുപോയി പുകവലിച്ച ശേഷം വരുന്നവര്‍ കൈകള്‍ നന്നായി കഴുകി, വസ്ത്രം മാറിയതിന് ശേഷം മാത്രം കുട്ടികളെ എടുക്കുക.
തുറന്ന സംസാരം:വീട്ടിലുള്ള മറ്റാരെങ്കിലും പുകവലിക്കുന്നുണ്ടെങ്കില്‍ കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി അവരോട് സംസാരിക്കുക.
കുട്ടികള്‍ തങ്ങള്‍ ശ്വസിക്കുന്ന വായു ഏതായിരിക്കണമെന്ന് സ്വയം തീരുമാനിക്കുന്നില്ല, മുതിര്‍ന്നവരാണ് അത് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വീടിനുള്ളിലെ ശുദ്ധമായ വായു എന്നത് കുട്ടികളുടെ അവകാശമാണ്. ആഡംബര വസ്തുക്കള്‍ വാങ്ങി നല്‍കുന്നതിനേക്കാള്‍ പ്രധാനം അവര്‍ക്ക് ശ്വസിക്കാന്‍ നല്ലൊരു അന്തരീക്ഷം ഒരുക്കുക എന്നതാണ്. പുകവലി പൂര്‍ണ്ണമായും ഉപേക്ഷിച്ച് നമ്മുടെ വീടുകളെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റിയ ഏറ്റവും സുരക്ഷിതമായ ഇടമാക്കി മാറ്റാന്‍ നമുക്ക് ഒന്നിച്ച് ശ്രമിക്കാം.