ഇന്ത്യയിലെ നഗരവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്ന ദിവസങ്ങള്‍ ഏതാണെന്ന് അറിയാമോ?
ശനിയും ഞായറും ജോലിയില്‍ നിന്നുള്ള വിശ്രമ ദിനങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ നഗരവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്ന ദിവസങ്ങള്‍ കൂടിയാണെന്ന് പുതിയ പഠനം.
ഒരു ആഴ്ചയിലെ ആകെ ചെലവിന്റെ 61.5 ശതമാനവും വാരാന്ത്യങ്ങളിലാണ് നടക്കുന്നതെന്ന് ടാറ്റാ സണ്‍സും പ്രൈസും ചേര്‍ന്ന് നടത്തിയ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവൃത്തിദിനങ്ങളില്‍ ശരാശരി 6,724 രൂപ ചെലവഴിക്കുന്ന ഒരു ഉപഭോക്താവ് വാരാന്ത്യങ്ങളില്‍ അത് 10,732 രൂപയായി ഉയര്‍ത്തുന്നുണ്ട്.
പ്രവൃത്തിദിനങ്ങളില്‍ യാത്രകള്‍ക്കും വീട്ടുസാധനങ്ങള്‍ക്കും പണം ചെലവഴിക്കുമ്പോള്‍, വാരാന്ത്യങ്ങളില്‍ ഫാഷന്‍, വിനോദം, ഇലക്ട്രോണിക്‌സ്, പുറത്തുനിന്നുള്ള ഭക്ഷണം എന്നിവയ്ക്കാണ് പ്രധാനമായും തുക ചെലവാകുന്നത്. വസ്ത്രങ്ങള്‍ക്ക് സാധാരണ ദിവസങ്ങളില്‍ 529 രൂപ ചെലവഴിക്കുമ്പോള്‍ വീക്കെന്‍ഡില്‍ അത് 1,075 രൂപയായി ഇരട്ടിക്കുന്നു.
സിനിമാ-വിനോദ ആവശ്യങ്ങള്‍ക്ക് 662 രൂപയും, റെസ്റ്റോറന്റ്/ഫുഡ് ഡെലിവറിക്കായി ശരാശരി 959 രൂപയുമാണ് ഒരു കുടുംബം ശനി, ഞായര്‍ ദിവസങ്ങളില്‍ ചെലവിടുന്നത്.
വന്‍കിട മെട്രോ നഗരങ്ങളില്‍ മാത്രമല്ല ഈ മാറ്റം പ്രകടമാകുന്നത്. വാരാന്ത്യങ്ങളില്‍ പ്രവൃത്തിദിനങ്ങളേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുന്ന നഗരങ്ങളില്‍ രാജസ്ഥാനിലെ ജയ്പൂരാണ് ഒന്നാമത്. കൂടാതെ വരുമാനം ഉയരുന്നതിനനുസരിച്ച് ഈ തുക കുത്തനെ കൂടുന്നു.
പ്രതിമാസം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ സാധാരണ ദിവസങ്ങളില്‍ 8,622 രൂപ ചെലവഴിക്കുമ്പോള്‍ വാരാന്ത്യങ്ങളില്‍ 2.53 ഇരട്ടിയായി (21,779 രൂപ) ഉയര്‍ത്തുന്നു.
25 നഗരങ്ങളിലെ 6,655 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയാണ് മാറ്റത്തിന്റെ ഉപഭോഗ സംസ്‌കാരം വെളിപ്പെടുത്തുന്നത്.