രുചികരമായ ക്രിസ്മസ് കേക്കിനെക്കുറിച്ച് അറിയാം? 
 

 
halal cakes

ക്രിസ്മസ് കേക്ക് എന്നത് കേവലം ഒരു മധുരപലഹാരമല്ല; അത് നൂറ്റാണ്ടുകളുടെ ചരിത്രവും, വിശ്വാസവും, സ്‌നേഹവും കുഴിച്ചേര്‍ത്ത ഒരു സാംസ്‌കാരിക അടയാളമാണ്. യൂറോപ്പിലെ തണുപ്പുള്ള മധ്യകാലഘട്ടത്തില്‍, ഉണക്കപ്പഴങ്ങളും തേനും വെണ്ണയും ചേര്‍ത്തുണ്ടാക്കിയിരുന്ന ഒരു തരം 'പായസ'ത്തില്‍ നിന്നാണ് ഇന്നത്തെ കേക്കിന്റെ ജനനം. 


പിന്നീട് ബോര്‍മകളുടെ ആവിര്‍ഭാവത്തോടെ സ്പൂണ്‍ കൊണ്ട് കഴിച്ചിരുന്ന ഈ വിഭവം, മുറിച്ചു പങ്കിടാവുന്ന ഉറപ്പുള്ള കേക്കായി പരിണമിച്ചു. പണ്ട് 'പ്ലം' എന്ന പഴം പ്രധാനമായി ചേര്‍ത്തിരുന്നതിനാലാണ് ഇന്നും ഇതിനെ നമ്മള്‍ 'പ്ലം കേക്ക്' എന്ന് വിളിക്കുന്നത്.

കേക്കിന്റെ ചേരുവകളില്‍ പോലും അഗാധമായ വിശ്വാസങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. യേശുവിനെയും പന്ത്രണ്ട് ശിഷ്യന്മാരെയും അനുസ്മരിച്ചുകൊണ്ട് 13 ഇനം വിഭവങ്ങള്‍ കേക്കില്‍ ചേര്‍ക്കുന്ന പതിവ് പണ്ട് നിലനിന്നിരുന്നു. ചുക്ക്, ഗ്രാമ്പൂ, ജാതിക്ക, പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാണ് കേക്കിന് ആ പ്രത്യേക രുചി നല്‍കുന്നത്.

ചിലയിടങ്ങളില്‍ കേക്കിനുള്ളില്‍ സ്വര്‍ണ്ണനാണയമോ മോതിരമോ ഒളിപ്പിക്കുന്ന രസകരമായ ആചാരവുമുണ്ട്. കേക്ക് മുറിക്കുമ്പോള്‍ ഈ നാണയം ലഭിക്കുന്ന ഭാഗ്യശാലിയെ മറ്റുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച് നൃത്തം ചെയ്യുന്നത് ക്രിസ്മസ് രാത്രികളിലെ ആഘോഷക്കാഴ്ചയാണ്.


 കേക്കിന് മുകളില്‍ വൈന്‍ ഒഴിച്ച് തീ കൊളുത്തുന്നതും, കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് അത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതും ഐക്യത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു.

ക്രിസ്മസ് കേക്കിന്റെ ചരിത്രത്തില്‍ കൗതുകകരമായ ഒരു ഏടുണ്ട്. ഇംഗ്ലണ്ടില്‍ ഒലിവര്‍ ക്രോംവെല്ലിന്റെ ഭരണകാലത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കും കേക്കിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ രഹസ്യമായി കേക്കുണ്ടാക്കി ഈ രുചിയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. പിന്നീട് മിഷണറിമാരുടെ വരവോടെയാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ കേക്ക് ഒരു ജനപ്രിയ വിഭവമായി മാറിയത്.


കേരളത്തിന്റെ കപ്പലോട്ട ചരിത്രവും സുഗന്ധവ്യഞ്ജന വ്യാപാരവും കേക്കിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തലശ്ശേരി, കൊച്ചി, ആലപ്പുഴ, കൊല്ലം തുടങ്ങിയ തുറമുഖ നഗരങ്ങളിലാണ് കേരളത്തില്‍ ബേക്കറി വ്യവസായം പച്ചപിടിച്ചത്. 

ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കേക്ക് വകഭേദങ്ങള്‍ കാണപ്പെടുന്ന ഇടമാണ് കേരളം. യൂറോപ്യന്‍ ശൈലിയിലുള്ള ജന്മദിനാഘോഷങ്ങള്‍ മലയാളി ഏറ്റെടുത്തതോടെ ക്രിസ്മസ് കാലം കഴിഞ്ഞും കേക്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി.

Tags

Share this story

From Around the Web