സങ്കടമോ, ഏകാന്തതയോ അനുഭവപ്പെടുന്നുണ്ടോ? ഈശോയുടെ തിരുഹൃദയത്തെ ആശ്ലേഷിക്കാൻ മൂന്ന് കാരണങ്ങൾ
ഏറെ ത്യാഗങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ് നാം വിളിക്കപ്പെട്ടിരിക്കുന്ന സ്‌നേഹം. അത് നമ്മോട് സ്വസ്ഥമായിരിക്കാനും സ്വന്തം താല്പര്യങ്ങളിൽ നിന്ന് പുറത്തുകടക്കാനും നാം തനിച്ചല്ലെന്ന് തിരിച്ചറിയാനും ആവശ്യപ്പെടുന്നു; ഒപ്പം മറ്റുള്ളവർക്കും ആവശ്യങ്ങളും ചോദ്യങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ സ്വന്തം താല്പര്യങ്ങൾ മാത്രം മുന്നിൽ നിൽക്കുകയും നമ്മുടെ തിരഞ്ഞെടുപ്പുകളുടെ മാനദണ്ഡമായി അവ മാറുകയും ചെയ്യുമ്പോൾ അവിടെ യഥാർഥ സ്‌നേഹം ഉണ്ടാവുകയില്ല. സ്‌നേഹം എന്നത് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനും, മറ്റുള്ളവർക്കായി തുറന്ന ഹൃദയമുള്ളവരാകാനും പ്രേരിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ്.
ഈ തിരുഹൃദയ മാസത്തിൽ, അവിടുത്തെ സ്‌നേഹത്താൽ പരിവർത്തനം ചെയ്യപ്പെടാൻ നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം. അങ്ങനെ അവിടുത്തെ പഠിപ്പിക്കലുകളിലൂടെ നമ്മുടെ സങ്കടങ്ങളെയും ഏകാന്തതകളെയും മറികടക്കാൻ അവിടുന്ന് നമ്മെ രൂപപ്പെടുത്തട്ടെ.
1. സ്‌നേഹം ദീർഘക്ഷമയുള്ളതാണ്
സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് പകരപ്പെട്ടിരിക്കുന്നു (റോമാ 5:5). ഒരുപക്ഷേ നാം അത് ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ അത് നമ്മിൽ തന്നെ ഒതുക്കിനിർത്താൻ നാം ആഗ്രഹിക്കുന്നു. കാരണം, നമ്മുടെ ജീവിതത്തിലെ സ്‌നേഹത്തിൽ കഷ്ടപ്പാടുകളും സങ്കടങ്ങളും തളർച്ചയും ഉൾപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള സ്‌നേഹത്തെ സ്വീകരിക്കാനാണ് നമുക്ക് ഏറ്റവും ബുദ്ധിമുട്ട്; എങ്കിലും, ഇവിടെയാണ് നമ്മിൽ ക്ഷമ വേരൂന്നാൻ തുടങ്ങുന്നത് (റോമാ 5:3).
ജീവിതത്തിൽ എപ്പോഴെങ്കിലും ചെയ്യേണ്ടി വരുന്ന വലിയ ത്യാഗങ്ങളിലല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ ക്ഷമയിലാണ്, സാധാരണ ജീവിതത്തിന്റെ ഭാരം ചുമക്കുന്നതിലാണ് സ്‌നേഹം പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഈ ക്ഷമയും അനുദിന സ്‌നേഹവും നമ്മെ പുണ്യങ്ങളിൽ വളരാൻ പ്രേരിപ്പിക്കുന്നു, നമ്മെ വിശുദ്ധീകരിക്കുന്നു, ചിലപ്പോൾ വളരെ ചെറുതെന്ന് തോന്നിയേക്കാവുന്ന നമ്മുടെ ജീവിതത്തിന്റെ അർഥവും പ്രതീക്ഷയും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. സ്‌നേഹം അളവറ്റതാണ്
യഥാർഥമായ ബന്ധങ്ങളിലാണ് സ്‌നേഹം നിലനിൽക്കുന്നത്. അതിനാൽ, സ്‌നേഹമായ ദൈവം ഒരിക്കലും ഒറ്റപ്പെട്ട ഒരു അസ്തിത്വമോ, ഏകാന്തതയോ അല്ല. അവിടുന്ന് നിരന്തരം നമ്മിലേക്ക് ഒഴുകിയെത്തുന്ന സ്‌നേഹമാണ്. ആ സ്‌നേഹത്തിന്റെ പരമമായ അടയാളമായി അവിടുന്ന് സ്വന്തം പുത്രനായ ഈശോയെ നമുക്ക് നൽകി.
ക്രിസ്തുവിൽ, ത്രിതൈ്വക സ്‌നേഹം മാംസമായി അവതരിച്ചു; കുത്തിത്തുറക്കപ്പെടുകയും വെളിപ്പെടുത്തപ്പെടുകയും ചെയ്തു. അത് അതിരുകളില്ലാത്ത, സ്വന്തം താല്പര്യങ്ങളിൽ നിന്ന് പുറത്തുകടന്ന് നമുക്കു വേണ്ടി പൂർണ്ണമായി സ്വയം സമർപ്പിക്കുന്ന ഒരു സ്‌നേഹമാണ്. മത്സരമോ, പ്രതികാരമോ, അസൂയയോ ഇല്ലാത്ത സ്‌നേഹം. അത് അവിടുത്തെ തിരുഹൃദയത്തിലെ അഗ്‌നിയായി ജ്വലിക്കുന്ന സ്‌നേഹമാണ്.
3. സ്‌നേഹം എപ്പോഴും നന്മയുള്ളതാണ്
ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിലേക്ക് നോക്കുമ്പോഴാണ് ദൈവത്തിന്റെ നന്മ നാം കണ്ടെത്തുന്നത് - എപ്പോഴും വിനയത്തിലേക്കും കാരുണ്യത്തിലേക്കും ചായ്വുള്ള നന്മ നിറഞ്ഞ ഒരു ഹൃദയം.
ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചിട്ടുള്ളതു പോലെ , ഈശോയുടെ ഹൃദയത്തിന്റെ സ്‌നേഹം ''ജീവിതത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും നമുക്ക് അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒന്നാണ്'': സന്തോഷത്തിലും സങ്കടത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, ആശ്വാസത്തിലും നിരാശയിലും. അത് എപ്പോഴും നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന, നമ്മെ ഒരിക്കലും കൈവിടാത്ത സ്‌നേഹമാണ്.
ഈ തിരുഹൃദയ മാസത്തിൽ, യഥാർഥമായി എങ്ങനെ സ്‌നേഹിക്കണമെന്ന് നാം പഠിക്കേണ്ടതിനായി ഈശോയുടേതു പോലുള്ള ഒരു ഹൃദയം നമുക്ക് നൽകാൻ അവിടുത്തോട് പ്രാർഥിക്കാം.