കുട്ടികള്‍ പൊതുസ്ഥലത്ത് വാശിപിടിച്ച് കരയാറുണ്ടോ? പരിഹാരമുണ്ട്
പൊതുസ്ഥലങ്ങളില്‍ വെച്ച് കുട്ടികള്‍ പെട്ടെന്ന് ദേഷ്യപ്പെടുകയോ വാശിപിടിച്ച് കരയുകയോ ചെയ്യുന്നത് മിക്ക മാതാപിതാക്കളെയും പ്രതിസന്ധിയിലാക്കുന്ന കാര്യമാണ്. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചുണ്ടാകുന്ന ഇത്തരം സാഹചര്യങ്ങള്‍ മാതാപിതാക്കളില്‍ അമിതമായ സമ്മര്‍ദ്ദവും ചിലപ്പോള്‍ നാണക്കേടും ഉണ്ടാക്കിയേക്കാം.
എന്നാല്‍ ഈ അവസരങ്ങളില്‍ കുട്ടികളെ വഴക്കുപറയുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം തികച്ചും ശാന്തമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. കുട്ടികളുടെ ദേഷ്യവും വാശിയും പൊതുസ്ഥലങ്ങളില്‍ വെച്ച് എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്ന് പരിശോധിക്കാം.
• ശാന്തത കൈവിടാതിരിക്കുക:കുട്ടികള്‍ ദേഷ്യപ്പെടുമ്പോള്‍ മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം നിയന്ത്രണം വിടാതിരിക്കുക എന്നതാണ്. കുട്ടി ദേഷ്യപ്പെടുമ്പോള്‍ നിങ്ങളും ശബ്ദമുയര്‍ത്തിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകാനേ സാധ്യതയുള്ളൂ. നിങ്ങള്‍ ശാന്തമായി നിന്നാല്‍ മാത്രമേ കുട്ടിയെയും ശാന്തനാക്കാന്‍ സാധിക്കൂ.
• കാരണങ്ങള്‍ കണ്ടെത്തുക:പലപ്പോഴും കുട്ടികള്‍ പൊതുസ്ഥലങ്ങളില്‍ ദേഷ്യപ്പെടുന്നത് അവര്‍ക്ക് വിശക്കുന്നതു കൊണ്ടോ, ദാഹിക്കുന്നതു കൊണ്ടോ അല്ലെങ്കില്‍ ക്ഷീണം കൊണ്ടോ ആകാം. എന്തുകൊണ്ടാണ് അവര്‍ അസ്വസ്ഥരാകുന്നത് എന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കുക.
• സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുക: ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്താണ് കുട്ടി ബഹളം വെക്കുന്നതെങ്കില്‍, അവിടെ നിന്ന് കുറച്ചുകൂടി ശാന്തമായ മറ്റൊരു സ്ഥലത്തേക്ക് കുട്ടിയെ മാറ്റുക. കാണാന്‍ ആളുകള്‍ ഇല്ലെന്നറിയുമ്പോള്‍ പലപ്പോഴും കുട്ടികള്‍ ബഹളം വെക്കുന്നത് നിര്‍ത്താറുണ്ട്.
• ശ്രദ്ധ തിരിക്കുക: കുട്ടികളുടെ ശ്രദ്ധ വേഗത്തില്‍ തിരിച്ചുവിടാന്‍ സാധിക്കും. അവര്‍ക്ക് ഇഷ്ടമുള്ള പാട്ടോ, ചുറ്റുപാടുമുള്ള രസകരമായ മറ്റ് കാഴ്ചകളോ കാണിച്ച് അവരുടെ ദേഷ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക.
• വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കരുത്: കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി അനാവശ്യമായി മിഠായിയോ കളിപ്പാട്ടങ്ങളോ വാങ്ങി നല്‍കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് വാശിപിടിച്ചാല്‍ എന്തും കിട്ടും എന്ന തെറ്റായ ചിന്ത കുട്ടികളില്‍ ഉണ്ടാക്കാന്‍ കാരണമാകും.
• സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാം: ചില സമയങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടത് നിങ്ങളുടെ ശ്രദ്ധയും സ്‌നേഹവും മാത്രമായിരിക്കും. ദേഷ്യപ്പെടുന്ന കുട്ടിയെ ഒന്നും മിണ്ടാതെ ഇറുകെ കെട്ടിപ്പിടിക്കുന്നത് അവരുടെ കോപം കുറയ്ക്കാനും അവര്‍ക്ക് സുരക്ഷിതത്വം തോന്നാനും സഹായിക്കും.
• കുട്ടിയുടെ വികാരങ്ങളെ അംഗീകരിക്കുക: 'നിനക്ക് ദേഷ്യം വരുന്നുണ്ടെന്നും, ആ കളിപ്പാട്ടം കിട്ടാത്തതിലെ സങ്കടം എനിക്ക് മനസിലാകുന്നുണ്ടെന്നും' കുട്ടിയോട് പറയുക. തങ്ങളുടെ വികാരങ്ങള്‍ മാതാപിതാക്കള്‍ മനസിലാക്കുന്നുണ്ടെന്ന് അറിയുന്നത് കുട്ടികളെ വേഗത്തില്‍ ശാന്തരാക്കാന്‍ സഹായിക്കും.
• പരിധികള്‍ വ്യക്തമാക്കുക: കുട്ടി എത്ര ദേഷ്യപ്പെട്ടാലും ചില കാര്യങ്ങള്‍ സാധിച്ചു തരില്ല എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ഉറച്ച നിലപാട് എടുക്കണം. ഒരിക്കല്‍ 'ഇല്ല' എന്ന് പറഞ്ഞാല്‍ അതില്‍ ഉറച്ചുനില്‍ക്കുക. നിങ്ങളുടെ തീരുമാനങ്ങളില്‍ മാറ്റം വരില്ലെന്ന് അവര്‍ക്ക് മനസിലാക്കിക്കൊടുക്കുക. അതേസമയം, ഒരു കാര്യത്തില്‍ 'വേണ്ട', 'ഇല്ല' എന്ന് പറയുമ്പോള്‍ അതിന്റെ കാരണവും അവരെ ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കണം.
• തയ്യാറെടുപ്പുകള്‍ നടത്തുക: ഷോപ്പിംഗിനോ മറ്റോ പോകുന്നതിന് മുന്‍പ് തന്നെ കുട്ടികളോട് എവിടേക്കാണ് പോകുന്നതെന്നും, അവിടെ എങ്ങനെ പെരുമാറണമെന്നും മുന്‍കൂട്ടി പറഞ്ഞു മനസിലാക്കുക. ഇത് അവര്‍ക്ക് മാനസികമായ തയ്യാറെടുപ്പ് നല്‍കും.
• പിന്നീട് സംസാരിക്കാം: കുട്ടി ബഹളം വെക്കുന്ന സമയത്ത് അവരെ ഉപദേശിക്കാന്‍ ശ്രമിക്കരുത്. അവര്‍ ശാന്തരായ ശേഷം, അല്ലെങ്കില്‍ വീട്ടിലെത്തുമ്പോള്‍ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുക. പൊതുസ്ഥലത്ത് അങ്ങനെ പെരുമാറിയത് എന്തുകൊണ്ടാണെന്നും, അത് തെറ്റാണെന്നും സ്‌നേഹത്തോടെ പറഞ്ഞു മനസിലാക്കുക.
കുട്ടികളുടെ വാശിയും ദേഷ്യവും അവരുടെ വളര്‍ച്ചയുടെ ഒരു ഭാഗം മാത്രമാണ്. അത് കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് ഏറ്റവും ആവശ്യം ക്ഷമയാണ്. സ്‌നേഹത്തോടെയും എന്നാല്‍ ഉറച്ച നിലപാടുകളോടെയും വേണം ഇത്തരം സാഹചര്യങ്ങളെ മാതാപിതാക്കള്‍ നേരിടാന്‍.