ആറ് വർഷത്തിനിടെ വിവാഹമോചന ഹർജികളിൽ 87 ശതമാനത്തിന്റെ വൻ വർധനവ്.വിവാഹ മോചനങ്ങൾ കുട്ടികളിൽ മാനസികാഘാതം സൃഷ്ടിക്കുന്നു
കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ വിവാഹമോചന ഹർജികളിൽ 87 ശതമാനത്തിന്റെ വൻ വർധനവ്. വിവാഹ മോചനങ്ങൾ കുട്ടികളിൽ
മാനസികാഘാതം സൃഷ്ടിക്കുന്നു. ആലപ്പുഴ കരുവാറ്റയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വയോധികനെ കൊലപ്പെടുത്തിയിരുന്നു.
കൊലപാതകത്തിൻ്റെ ആസൂത്രകയായ പതിമൂന്നു കാരി പോലീസിനോട് പറഞ്ഞത് താൻ മാതാപിതാക്കളുടെ സ്‌നേഹം അനുഭവിച്ചിട്ടില്ലെന്നാണ്. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. അമ്മ വിദേശത്ത് ജോലി ചെയ്യുന്നു. വിവാഹ മോചനത്തിനു ശേഷം കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നതിൻ്റെ ഫലം കൂടിയാണ് ഇപ്പോൾ കൊലപാതകത്തിലേക്കു നയിച്ചതും. എക്കാലത്തും ഡിവോഴ്‌സ് കേസുകളിൽ ഇരയാവുന്നത് കുട്ടികളാണ്.
കഴിഞ്ഞ ആറ് വർഷത്തിനിടെ വിവാഹമോചന ഹർജികളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.2020-ൽ 18,886 ആയിരുന്ന അപേക്ഷകൾ 2025 ആയപ്പോഴേക്കും 35,238 ആയി ഉയർന്നു. 2020-2025 കാലയളവിൽ ആകെ 1,74,107 വിവാഹമോചന ഹർജികളാണ് കുടുംബകോടതികളിലെത്തിയത്.
മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക മാനദണ്ഡങ്ങൾ, സ്ത്രീകളുടെ വളരുന്ന സാമ്പത്തിക സ്വാതന്ത്ര്യം, അസന്തുഷ്ടമായ ബന്ധങ്ങൾ ഉപേക്ഷിക്കാനുള്ള സന്നദ്ധത എന്നിവയാണ് വിവാഹമോചന കേസുകൾ ഉയരാൻ പ്രധാന കാരണമായി നിയമ വിദഗ്ധരും കൗൺസിലർമാരും ചൂണ്ടിക്കാണിക്കുന്നത്.
പങ്കാളികളുടെ മയക്കുമരുന്ന് ഉപയോഗവും അത് സൃഷ്ടിക്കുന്ന ക്രൂരമായ പെരുമാറ്റവും പീഡനങ്ങൾ, റീയൂണിയനുകൾ വഴി പഴയ പ്രണയം വീണ്ടെടുക്കുന്നത്, മക്കളുടെ ദാമ്പത്യ ജീവിതത്തിൽ മാതാപിതാക്കൾ നടത്തുന്ന അമിതമായ ഇടപെടലുകൾ എല്ലാ വിവാഹത്തിന് കാരണമാവുന്നുണ്ട്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന് പുറത്തുവരാൻ പെൺമക്കൾക്ക് മാതാപിതാക്കളിൽ നിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്.
വിഹാഹ മോചന കേസുകൾ തെക്കൻ ജില്ലകളിലാണ് കൂടുതൽ.
2020 നും 2025 നും ഇടയിൽ ഏറ്റവും കൂടുതൽ പ്രതിമാസ ശരാശരി അപേക്ഷകൾ രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (322). കൊല്ലം (294), എറണാകുളം (289), തൃശൂർ (282) എന്നിവയാണ് തൊട്ടുപിന്നിൽ. നഗരവൽക്കരണവും സാമ്പത്തിക സ്വാവലംബവുമാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. എന്നാൽ വയനാട്ടിൽ പ്രതിമാസം ശരാശരി 41 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, പങ്കാളിയോടുള്ള പ്രതികാരം കാരണം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് തയ്യാറാകാതെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് പോകുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും വലിയ ഇരകളാകുന്നത് കുട്ടികളാണ്. മാതാപിതാക്കളുടെ വേർപിരിയലും തർക്കങ്ങളും കുട്ടികളുടെ പഠനത്തെയും വൈകാരിക വളർച്ചയെയും ഭാവി ജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എല്ലാ ഹർജികളും വേർപിരിയലിൽ കലാശിക്കുന്നില്ലെന്നു രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രതിമാസം ശരാശരി 2,400-ലധികം അപേക്ഷകൾ കുടുംബകോടതികളിലെത്തുന്നത് കേരളീയ കുടുംബ പശ്ചാത്തലത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.