പാസ്‌പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ല; താലൂക്ക് കോടതിയിലോ കുടുംബകോടതിയിലോ നിന്നുള്ള ഡിവോഴ്സ് ഉത്തരവ് ഹാജരാക്കണമെന്ന നിബന്ധന തള്ളി കേരള ഹൈക്കോടതി

 
court

കൊച്ചി: പാസ്‌പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് തിരുത്തുന്നതിന് കോടതിയുടെ വിവാഹമോചന ഉത്തരവ് താലൂക്കിൽ നിന്നോ കുടുംബകോടതിയിൽ നിന്നോ സമർപ്പിക്കണമെന്ന നിബന്ധനയില്ലെന്ന് ഹൈക്കോടതി വിധി.

നിലവിലെ ചട്ടങ്ങളിൽ ഇത്തരമൊരു വ്യവസ്ഥ തികച്ചും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിരീക്ഷണം.

തലാഖിലൂടെ ബന്ധം വേർപെടുത്തിയ തൃശൂർ സ്വദേശിനിയായ ഇരുപത്തെട്ടുകാരി, പാസ്‌പോർട്ടിൽ നിന്ന് മുൻ ഭർത്താവിന്റെ പേര് ഒഴിവാക്കാൻ അപേക്ഷ നൽകിയപ്പോഴാണ് ഉത്തരവ് ഹാജരാക്കാൻ അധികൃതർ നിർബന്ധിച്ചത്. ഇതിനെതിരെ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണായക വിധി.

2024-ലെ ഓഫീസ് മെമ്മോറാണ്ടം പ്രകാരം വിവാഹമോചന ഉത്തരവ് നിർബന്ധമാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വാദിച്ചെങ്കിലും പാസ്‌പോർട്ട് നിയമങ്ങളിൽ ഈ നിബന്ധന നിലവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേവലം ഒരു ഓഫീസ് മെമ്മോറാണ്ടം ഉപയോഗിച്ച് നിലവിലുള്ള നിയമങ്ങളെയോ ചട്ടങ്ങളെയോ മറികടക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹരജിക്കാരിയുടെ അപേക്ഷ പുനഃപരിശോധിച്ച് എത്രയും വേഗം അനുയോജ്യമായ നടപടിയെടുക്കാൻ റീജിയണൽ പാസ്‌പോർട്ട് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തു.

Tags

Share this story

From Around the Web