ട്രൈബൽ സ്കൂളിലെ മിഠായി വിതരണം, വി. മുരളീധരനെതിരെ പ്രതിഷേധം ശക്തം, മാപ്പു പറയണമെന്ന് ശിവൻകുട്ടിയും റഹീമും
തിരുവനന്തപുരം: കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ, കുട്ടികൾക്ക് മിഠായി കൈയിൽ നൽകുന്നതിന് പകരം മേശപ്പുറത്ത് വിതറിയിട്ട കഴക്കൂട്ടം എം.എൽ.എ വി. മുരളീധരന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധം. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എ.എ. റഹീം എം.പിയും സംഭവത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണെന്ന് വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. വിദ്യാർത്ഥികളെ അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുമെന്ന് ചോദിച്ച അദ്ദേഹം, മിഠായി മേശപ്പുറത്ത് തട്ടിയിട്ട് എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംബന്ധിച്ച മന്ത്രി കെ.എ. തുളസി ഈ ധിക്കാരപരമായ നടപടി കണ്ടിട്ടും തടയാനോ തിരുത്താനോ തയ്യാറായില്ലെന്നും, അത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും ശിവൻകുട്ടി പറഞ്ഞു.
വി. മുരളീധരൻ നിരുപാധികം മാപ്പ് പറയണമെന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു. "നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നു വീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ" എന്ന് അദ്ദേഹം പരിഹസിച്ചു. കുട്ടികളോട് കാണിച്ചത് മനുസ്മൃതി മനസ്സിലുള്ളതുകൊണ്ടാണോ എന്ന് ചോദിച്ച റഹീം, അവർ മിടുക്കരായ കുട്ടികളാണെന്നും അവരോടും കേരളത്തോടും എം.എൽ.എ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം നടന്നത്. കുട്ടികളുടെ കൈകളിലേക്ക് മിഠായി നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു എം.എൽ.എ ചെയ്തത്.